സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി ഫെഡറൽ, എച്ച്.ഡി.എഫ്.സി ബാങ്കുകൾ; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം വരെ പലിശ

Share our post

സ്ഥിര നിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശ നിരക്കുകളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകളായ ഫെഡറൽ ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും. മുതിർന്ന പൗരന്മാർക്ക് ഫെഡറൽ ബാങ്കിൽ 7.20 ശതമാനം വരെയും, എച്ച്.ഡി.എഫ്.സി ബാങ്കിൽ പ്രത്യേക നിക്ഷേപ കാലാവധിക്ക് 7.10 ശതമാനം വരെയുമാണ് പലിശ ലഭിക്കുക. വിവിധ കാലാവധികളിലെ നിക്ഷേപ നിരക്കുകൾ പരിഷ്കരിച്ചതായാണ് ബാങ്കുകൾ അറിയിച്ചിട്ടുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പരിഷ്കരിച്ച നിരക്കുകൾ ഓഗസ്റ്റ് 19 മുതലും ഫെഡറൽ ബാങ്കിന്റെ പുതിയ നിരക്കുകൾ ഓഗസ്റ്റ് 17 മുതലും നിലവിൽ വന്നതായി ബാങ്കുകൾ അറിയിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്ക് പലിശ നിരക്ക് ഉയർത്തി

3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്കുള്ള എഫ്.ഡി പലിശ നിരക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.10 ശതമാനമായി ഉയർന്നു. ഈ വർധനവിന് ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്.

  • 7-14 ദിവസം: 3.25%
  • 30-45 ദിവസം: 3.75%
  • 6 മാസം 1 ദിവസം മുതൽ 9 മാസം വരെ: 6%
  • 1 വർഷം മുതൽ 15 മാസത്തിൽ താഴെ: 6.75%
  • 15 മാസം മുതൽ 18 മാസത്തിൽ താഴെ: 6.85%
  • 18 മാസം മുതൽ 3 വർഷം വരെ: 6.95%
  • 3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ: 7.10%
  • 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: 6.65%

അതേ സമയം, സാധാരണ ഉപഭോക്താക്കൾക്കായുള്ള നിരക്കുകളിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. സാധാരണ ഉപഭോക്താക്കൾക്ക് 2.75% മുതൽ 6.50% വരെയാണ് പലിശ ലഭിക്കുന്നത്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുന്നത് 3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെയുള്ള കാലാവധിക്കാണ്.

ഫെഡറൽ ബാങ്ക് നിരക്കുകൾ

3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കുകളാണ് ഫെഡറൽ ബാങ്ക് പരിഷ്കരിച്ചത്. പുതിയ മാറ്റത്തിന് ശേഷം സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 6.70 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.20 ശതമാനം വരെയും പലിശ ലഭിക്കും. ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത് 48 മാസത്തെ എഫ്.ഡിക്കാണ്.

മുതിർന്ന പൗരന്മാർക്കുള്ള നിരക്കുകൾ

  • 7-29 ദിവസം: 3.50%
  • 30-45 ദിവസം: 3.75%
  • 46-90 ദിവസം: 4.75%
  • 91-180 ദിവസം: 5%
  • 181 ദിവസം: 6.50%
  • 182-270 ദിവസം: 6%
  • 271 ദിവസം മുതൽ 1 വർഷം വരെ: 6.50%
  • 1 വർഷം: 6.75%
  • 1 വർഷത്തിന് മുകളിൽ 15 മാസത്തിൽ താഴെ: 6.90%
  • 15 മാസം: 7.15%
  • 15 മാസത്തിന് മുകളിൽ 24 മാസം വരെ: 6.90%
  • 24 മാസത്തിന് മുകളിൽ 48 മാസത്തിൽ താഴെ: 7%
  • 48 മാസം: 7.20%
  • 48 മാസത്തിന് മുകളിൽ 10 വർഷം വരെ: 6.90%
  • നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂടിയ പലിശ നിരക്ക് കണ്ട ഉടൻ തന്നെ നിലവിലുള്ള എഫ്.ഡി പിൻവലിച്ച് പുതിയ നിക്ഷേപത്തിലേക്ക് മാറുന്നത് എപ്പോഴും ലാഭകരമാകണമെന്നില്ല. നിലവിലുള്ള നിക്ഷേപത്തിന്റെ ബാക്കി കാലാവധി, ലഭിച്ചുകൊണ്ടിരിക്കുന്ന പലിശ, പുതിയ നിക്ഷേപത്തിലെ പലിശ നിരക്ക്, കാലാവധിക്ക് മുമ്പ് പിൻവലിച്ചാലുള്ള പിഴ, പലിശയുടെ മേലുള്ള നികുതി എന്നിവ താരതമ്യം ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കുക. ഉദാഹരണത്തിന്, നിലവിൽ 7 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപകർ പുതിയ 7.10 ശതമാനം നിരക്കിലേക്ക് മാറുമ്പോൾ 10 ബേസിസ് പോയിന്റിന്റെ ചെറിയ ലാഭമേ ഉണ്ടാകൂ.

പിഴയും നഷ്ടപ്പെടുന്ന പലിശയും കണക്കിലെടുക്കുമ്പോൾ ഇത് ലാഭകരമായെന്ന് വരില്ല. എന്നാൽ കാലാവധി പൂർത്തിയാകാറായ നിക്ഷേപങ്ങൾ പുതുക്കുമ്പോൾ പുതിയ നിരക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പരമാവധി പലിശ നിരക്ക് മാത്രം നോക്കാതെ നികുതി ബാധ്യതകളും ആവശ്യാനുസരണം പണം പിൻവലിക്കാനുള്ള സൗകര്യവും (Liquidity) കൂടി മുൻനിർത്തി വേണം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!