എല്ലാ ജനറൽ ആശുപത്രികളിലും 24 മണിക്കൂറും കാഷ്വൽറ്റി– സ്പെഷ്യൽറ്റി സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
ശാസ്താംകോട്ട : പരീക്ഷണ അടിസ്ഥാനത്തിൽ എല്ലാ ജനറൽ ആശുപത്രികളിലും 24 മണിക്കൂറും കാഷ്വൽറ്റി– സ്പെഷ്യൽറ്റി സേവനം ഉറപ്പാക്കുമെന്നും ആദ്യത്തെ പരീക്ഷണം പുനലൂർ താലൂക്ക് ആശുപത്രിയിലാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. ശബരിമല തീർഥാടകരെ കൂടി കണക്കിലെടുത്താണ് പുനലൂരിനെ തിരഞ്ഞെടുത്തത്. ശബരിമല ഭക്തർക്ക് നെഞ്ച് വേദന ഉണ്ടായാൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലോ കൊണ്ട് പോകണം. അവിടെ എത്തുമ്പോഴേക്കും കഥ കഴിഞ്ഞിട്ടുണ്ടാകും.
പുനലൂർ താലൂക്ക് ആശുപത്രിയിൽ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി എംആർഐ മെഷീൻ സ്ഥാപിക്കും. ഇതിലൊന്നും ഞങ്ങൾ രാഷ്ട്രീയം നോക്കിയിട്ടില്ല. എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാരിന്റെ നയം. കാരണം പുനലൂർ മണ്ഡലം 102ന്റെ കൂട്ടത്തിൽപ്പെട്ടതല്ല, 35ന്റെ കൂട്ടത്തിലുള്ളതാണ്. അവിടെ കെട്ടിടം മാത്രമേയുള്ളൂ, സൗകര്യങ്ങളില്ല. അതുകൊണ്ടാണ് ഇടപെടൽ ഉറപ്പാക്കിയത്. സൗകര്യങ്ങൾ ഒരുക്കണമെന്ന പേരിൽ ചില ഡോക്ടർമാർ പ്രസ്താവന കൊടുത്തിരിക്കുന്നത് കണ്ടു. ആർക്കായാലും പരാതിയുണ്ടെങ്കിൽ എന്നോട് നേരിട്ട് പറയാമല്ലോ. അങ്ങനെയെങ്കിൽ അവ പരിഗണിക്കും.
ആരോഗ്യ മേഖലയിലെ സ്റ്റാഫ് പാറ്റേൺ ഉയർത്തുന്ന കാര്യത്തിൽ അടക്കം മുഖ്യമന്ത്രിക്ക് തുറന്ന സമീപനമാണുള്ളത്. 1960ൽ ട്രെയിൻ സർവീസായി കരിവണ്ടി ഓടുന്ന കാലത്തെ സ്റ്റാഫ് പാറ്റേൺ ആണ് വന്ദേ ഭാരത് ഓടുന്ന ഇക്കാലത്തുമുള്ളത്. സ്വകാര്യ ആശുപത്രികൾ വിദേശ കമ്പനികൾ ഏറ്റെടുത്തതോടെ സർക്കാർ ആശുപത്രികളിലെ ചെറിയ വീഴ്ചകളെ പോലും ചില മാധ്യമങ്ങളുടെ സഹായത്തോടെ ഊതിക്കത്തിക്കാൻ ശ്രമം നടക്കുന്നതായും എന്നാൽ സർക്കാർ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഇടപെടൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൂരനാട് വടക്ക് പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
