ഇരിട്ടി,തലശേരി ആർ.ടി.ഓഫീസുകളിൽ വിവിധ സേവനങ്ങൾ ഇഴയുന്നു

Share our post

കണ്ണൂർ: ജില്ലയിലെ ഇരിട്ടി, തലശ്ശേരി ജോ.ആർ.ടി.ഓഫീസുകളിൽ ഏഴ്ദിവസത്തിനകം പൂർത്തീകരിക്കേണ്ട വിവിധ സേവനങ്ങൾ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇഴയുന്നതായി പരാതി. വാഹന ഉടമകൾ നേരിട്ട് നൽകുന്ന അപേക്ഷകളാണ് ഉദ്യോഗസ്ഥർ മന:പൂർവം വൈകിപ്പിക്കുന്നത്. എന്നാൽ, ഏജന്റ് മുഖാന്തിരം കൊടുക്കുന്ന അപേക്ഷകൾ ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കുന്നുമുണ്ട്.

ഓണർഷിപ്പ് ട്രാൻസ്ഫർ, ലോൺ ക്യാൻസലേഷൻ, പെർമിറ്റ് റിന്യൂവൽ തുടങ്ങിയ അപേക്ഷകൾ 15 ദിവസമായിട്ടും വെരിഫിക്കേഷൻ നടത്താതെയും ഒരു മാസമായിട്ടും അപ്രൂവൽ ചെയ്യാതെയും കിടക്കുന്നുണ്ട്. എജന്റ് മുഖാന്തിരം കൊടുക്കുന്ന അപേക്ഷകൾ രണ്ട് ദിവസത്തിനകം വെരിഫിക്കേഷൻ, അപ്പ്രൂവൽ നടപടികൾ പൂർത്തികരിക്കുന്നത് നേരായ മാർഗത്തിലൂടെയല്ലെന്നാണ് ആക്ഷേപം.

പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയിട്ട് ആഴ്ച്ചകളും മാസങ്ങളുമായി വാഹനങ്ങൾ സർവീസ് നടത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ഫിറ്റ്‌നസ് എടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് പല വാഹനങ്ങളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അപ്പ്രൂവലാകുന്നത്.

കെ.ബി.ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഓഫീസുകളിലെ ജോലികൾ വേഗത്തിൽ തീർക്കുവാൻ ഒരു മണിക്ക് ശേഷം പൊതുജനങ്ങൾക്ക് ഓഫീസിൽ പ്രവേശനം അനുവദിച്ചിരുന്നില്ല, അതിപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഓഫീസിൽ ഇവർ വെറുതെ ഇരിക്കുന്നതല്ലാതെ ഒരു ജോലികളും തീർപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്.

പുതിയ പരിവാഹൻ അപ്‌ഡേഷൻ വന്നതിനുശേഷം പല സർവീസുകളും ഫെയ്‌സ് ലെസ് ആയതിനാൽ കൈക്കൂലി വാങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ഇതിൻറെ പ്രതികാര നടപടി എന്നവണ്ണം പല ഉദ്യോഗസ്ഥരും സർവീസുകളിൽ കാലതാമസം വരുത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അസി.എം.വി.ഐ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നല്കാത്തതിൽ മനം നൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!