രാസവളത്തിന് വന്‍ വില; ഫാക്ടംഫോസിനും പൊട്ടാഷിനും 2300 രൂപ
വയനാട്: കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവളങ്ങളുടെ വിലയില്‍ വന്‍ വര്‍ധന. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവക്കാണ് പ്രധാനമായും വില വര്‍ധിച്ചത്. ഇറാന് യുദ്ധവും കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി കുറച്ചതുമാണ് വില വര്‍ധനക്ക് കാരണം.
കഴിഞ്ഞ ഫെബ്രുവരിയില്‍ 1425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടം ഫോസിന് ഇപ്പോഴത്തെ വില 2300 രൂപയാണ്. 1500 രൂപയുണ്ടായിരുന്ന പൊട്ടാഷും 2300 രൂപയിലെത്തി. കുമിള്‍നാശിനിയായ തുരിശിന്റെ വിലയും ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. 210 രൂപയായിരുന്നിടത്ത് ഇപ്പോള്‍ വില 540 രൂപ. സബ്സിഡി ഉള്ളതിനാൽ യൂറിയയ്ക്ക് നിലവിൽ വില വർധിച്ചിട്ടില്ല.
ദിനംപ്രതി നഷ്ടങ്ങളുടെ കണക്ക് മാത്രമുള്ള കര്ഷകന് ഇത് താങ്ങാവുന്നതിനപ്പുറമുള്ള പ്രതിസന്ധിയാണ്. ചാക്കില്‍ രേഖപ്പെടുത്തിയ എംആര്‍പിക്ക് വളം വില്‍ക്കാനാകില്ല എന്നും വ്യാപാരികള്‍ പറയുന്നു. രാസവളങ്ങള്‍ക്കുള്ള കടത്തുകൂലി കമ്പനികള്‍ നല്‍കാത്തതിനാലാണ് ഈ പ്രതിസന്ധി. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് എത്തിക്കുന്ന രാസവളങ്ങളുടെ കടത്തുകൂലി വ്യാപാരികള്‍ തന്നെ വഹിക്കണം. ഈ സാഹചര്യത്തില്‍ എംആര്‍പിയില്‍ അധികം വാങ്ങാതെ വ്യാപാരികള്‍ക്ക് വളം വില്‍ക്കാനാകില്ല. ഇതോടെ വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കങ്ങളുമുണ്ടാകുന്നുണ്ട്.
