ശിവസൂര്യ വാരണാസിയിൽ എത്തിയതിന് തെളിവില്ല; അമ്പതിലേറെ സിസി ടിവി പരിശോധിച്ച് പൊലീസ്  

Share our post

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. പ്രത്യേക അന്വേഷണ സംഘം വാരാണസിയിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും 17 വയസ്സുകാരനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് സംഘം വാരാണസിയിൽ അൻപതിലേറെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ചു. ശിവസൂര്യ വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടി കേരളത്തിൽ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

കാശിക്ക് പോകുന്നുവെന്ന ശിവസൂര്യയുടെ കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വാരാണസിയിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് പൊലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചത്. ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ വാരാണസിയിൽസിസിടിവി ക്യാമറകൾ പരിശോധിച്ച സംഘം, ശിവസൂര്യയുടെ ചിത്രവുമായി മേഖലയിലെ കടകൾ, ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടി. എന്നാൽ ഇതുവരെ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി വാരാണസിയിൽ തുടർന്ന് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

കഴിഞ്ഞ ആഗസ്റ്റ് എട്ടിന് മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!