പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഎം; പിണറായി വിജയൻ പങ്കെടുക്കും

Share our post

കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിലും 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങൾ നടത്തുക.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയത്. കൂട്ടത്തിൽ ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന് വിലയിരുത്തി ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിയിലേക്ക് നേതൃത്വം ചുരുക്കിയതും ചർച്ചയായിരുന്നു. എന്നാൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന നിലവിലെ തളിപ്പറമ്പ് എംഎൽഎ ടി കെ ​ഗോവിന്ദനും പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് സിപിഎമ്മിൽ നിന്നും പുറത്തുവന്ന പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനും സംയുക്ത വാർത്താസമ്മേളനം നടത്തി ഈ വാദത്തെ ഖണ്ഡിച്ചിരുന്നു. ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് വിമർശനം ഉയർന്നപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

കേന്ദ്ര-സംസ്ഥാന അവലോകനങ്ങൾക്ക് ശേഷം പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സിപിഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ഉടൻ പരി​ഗണിക്കും. ഇതിനിടയിലാണ് രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം തയ്യാറെടുക്കുന്നത്. തളിപ്പറമ്പിൽ സ്ഥാനാർത്ഥിനിർണയത്തിലെ പാളിച്ച തോൽവിക്ക് കാരണമായി എന്ന് വിലയിരുത്തുമ്പോൾ പയ്യന്നൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉപരിയായി പല ഘടകങ്ങളും തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തൽ. യ്യന്നൂരിൽ വിഭാഗീയത ഉണ്ടായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ സംഘടനാതലത്തിൽ അച്ചടക്ക നടപടി ഉൾപ്പെടെ പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ കൂടിയാണ് സിപിഐഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നത്. ഒരുപക്ഷേ രാഷ്ട്രീയ വിശദീകരണത്തിന് തൊട്ടുപിന്നാലെ പയ്യന്നൂരിൽ അച്ചടക്ക നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള ആലോചനകൾ പാർട്ടിക്കകത്ത് നടന്നുവെങ്കിലും അത് സംഘടനാ പ്രതിസന്ധിയെ കൂടുതൽ ബലപ്പെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് പൊതുവിൽ പാർട്ടിക്ക് അകത്തെ വികാരം. അതിനാൽ കർശന താക്കീത് നൽകി സംഘടനാ തലത്തിൽ അഴിച്ചു പണിയാണ് സിപിഎം ഉദ്ദേശിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നേതാക്കൾ തന്നെ സഹായം നൽകിയെന്ന വിലയിരുത്തലും സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ നടത്തിയിട്ടുണ്ട്. ആയതിനാൽ അത്തരം നേതാക്കളെ മാറ്റിനിർത്തി. ജില്ലയിലെ പ്രധാന നേതാക്കൾക്ക് പയ്യന്നൂരിൽ പ്രത്യേക ചുമതല നൽകുക എന്നതിലേയ്ക്കാണ് സിപിഎം നിലവിൽ എത്തിച്ചേർന്നിരിക്കുന്ന ധാരണ. പിണറായി പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണം പൊതുയോഗത്തോടെ കൂടുതൽ ശക്തമായി സംഘടനാ സംവിധാനങ്ങളെ ബലപ്പെടുത്തുകയും ദൗർബല്യങ്ങൾ പരിഹരിച്ച് കരുത്ത് വർദ്ധിപ്പിക്കാനും ആയിരിക്കും സിപിഎം പരിശ്രമിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!