മലബാറിൽ റെയിൽവേ പിറ്റ്‌ലൈൻ; കണ്ണൂരിന് വലിയ സാധ്യത
കണ്ണൂർ : മലബാറിൽ റെയിൽവേ പിറ്റ്‌ലൈൻ സംവിധാനത്തിന് കണ്ണൂരിൽ സാധ്യത. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കണ്ണൂരിലെ ഇന്ധന ഡിപ്പോ പൂർണമായും ഒഴിഞ്ഞതോടെയാണിത്. പിറ്റ്‌ലൈനും നാലാം പ്ളാറ്റ്‌ഫോമും നിർമിക്കാനുള്ള ശുപാർശ ബോർഡിന് കൈമാറിയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ജനപ്രതിനിധികൾ സമ്മർദംചെലുത്തിയാൽ ലഭിക്കും. വർഷങ്ങൾക്ക് മുമ്പ് പിറ്റ്‌ലൈൻ വേണമെന്ന ആവശ്യം ശക്തിപ്പെട്ടപ്പോൾ ഭൂമിയുടെ പരിമിതി പറഞ്ഞാണ് ഉപേക്ഷിച്ചത്.
നിലവിൽ പാലക്കാട് ഡിവിഷനിൽ പൂർണ പിറ്റ്‌ലൈൻ ഉള്ളത് മംഗളൂരുവിൽ മാത്രമാണ്. 20 കോച്ചുള്ള വന്ദേഭാരതിന്റെ അറ്റകുറ്റപ്പണിക്കായി പുതിയത് നിർമിച്ചത് ഉൾപ്പെടെ മൂന്നെണ്ണമുണ്ട്. ആഴ്ചയിൽ 10-ലധികം വണ്ടികൾ അവിടെ അറ്റകുറ്റപ്പണിചെയ്യും. മംഗളൂരു മേഖല മൈസൂരു ഡിവിഷന്റെ കീഴിലായാൽ പാലക്കാടിന് അത് നഷ്ടപ്പെടും. ഷൊർണൂരിൽ ചെറിയ പിറ്റ്‌ലൈൻ മാത്രമാണുള്ളത്. പാലക്കാട് ടൗണിൽ പിറ്റ്‌ലൈൻ പ്രവൃത്തി തുടങ്ങിയെങ്കിലും മെല്ലെപ്പോക്കിലാണ്.
പിറ്റ്‌ലൈൻ വന്നാൽ
കോച്ചുകളുടെ അറ്റകുറ്റപ്പണിയും വൃത്തിയാക്കലും നടത്താനുള്ള ‘വർക്ക്‌ഷോപ്പാണ്’ പിറ്റ്‌ലൈൻ. പിറ്റ്‌ലൈൻ ഇല്ലാത്തത് മലബാറിന് വലിയ നഷ്ടമാണ്. പിറ്റ്‌ലൈൻ ഉണ്ടെങ്കിൽ മാത്രമേ പുതിയ തീവണ്ടി സർവീസ് തുടങ്ങാനാകൂ. ദീർഘദൂര വണ്ടികൾക്ക് നിശ്ചിതദൂര യാത്രയ്ക്കുശേഷം നിർബന്ധ അറ്റകുറ്റപ്പണി നടത്തണം. അതിനാൽ പിറ്റ്‌ലൈൻ സൗകര്യമുള്ള സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് സർവീസും അനുവദിക്കുക. തിരുവനന്തപുരം ഡിവിഷനിൽ കൊച്ചുവേളി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം എന്നിവിടങ്ങളിൽ വലിയ പിറ്റ്‌ലൈനുകളുണ്ട്
കണ്ണൂരിന്റെ സാധ്യത
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ആറാമത്തെ പാളത്തിൽ വാഗണുകൾ നിർത്തിയാണ് ബി.പി.സി.എൽ. സംഭരണശാലയിലേക്ക് എണ്ണ മാറ്റിയിരുന്നത്. പാളത്തിനടയിലൂടെയാണ് പൈപ്പ് ലൈൻ. അതിനാൽ പിറ്റ്‌ലൈൻ നിർമാണം വർഷങ്ങളായി തടസ്സപ്പെട്ടു. ബി.പി.സി.എല്ലിന്റെ തടസ്സം മാറിയതോടെ ഇനി 25 കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് സ്ഥലംകിട്ടും.
പിറ്റ്‌ലൈൻ വന്നാൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടികളെ കാസർകോട്/മംഗളൂരുവിലേക്ക് നീട്ടാം. കണ്ണൂരിൽനിന്ന് പുതിയ സർവീസ് തുടങ്ങാം. നിലവിൽ കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ഒൻപത് വണ്ടികൾക്ക് ശുചീകരണവും വെള്ളം നിറയ്ക്കലും മാത്രമാണ് നടക്കുന്നത്.
കണ്ണൂർ സൗത്ത് സ്റ്റേഷനിൽ വണ്ടി നിർത്തിയിടാനുള്ള സ്റ്റേബിൾ ലൈനും സൗകര്യമുണ്ട്. കണ്ണൂർ സൗത്തിനെ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സെക്കൻഡ് ടെർമിനലാക്കുമെന്ന് 2023-ൽ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പ്രഖ്യാപിച്ചിരുന്നു. നാലരയേക്കർ ഉണ്ടവിടെ.
കാലം പറയും അവഗണനയുടെ കണക്ക്
2009: കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന കണ്ണൂരുകാരൻ ഇ. അഹമ്മദ് നിർദേശിച്ചതനുസരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിറ്റ്‌ലൈനും പുതിയ നാലാം പ്ലാറ്റ്‌ഫോമും നിർമിക്കുന്നതിന് ജൂണിൽ വിദഗ്ധസംഘം പരിശോധന നടത്തി. സ്റ്റേഷന്റെ വടക്കുഭാഗത്ത് ‘ഷണ്ടിങ് നെക്കിന്’ സമാന്തരമായി പിറ്റ്‌ലൈൻ സ്ഥാപിക്കാമെന്നായിരുന്നു അന്നത്തെ നിർദേശം.
2011: ഇ. അഹമ്മദ് വിദേശവകുപ്പിലേക്ക് മാറിയ കാലം. റെയിൽവേമന്ത്രി മമതാ ബാനർജി തലശ്ശേരി-മൈസൂരു റൂട്ടിൽ സർവേ പ്രഖ്യാപിച്ചെങ്കിലും പിറ്റ്‌ലൈൻ റെയിൽവേ ബജറ്റിന് പുറത്തായി. പിറ്റ്‌ലൈനിന്റെ പദ്ധതിരേഖയും അടങ്കലും റെയിൽവേ ബോർഡിന്റെ പരിഗണനയിൽ ഉണ്ടായിട്ടും അതായിരുന്നു സ്ഥിതി.
2012: കണ്ണൂരിൽ നാലാം പ്ലാറ്റ്‌ഫോമിനും പിറ്റ്‌ലൈനിനുമുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. 24 കോച്ചുകൾക്കായുള്ള 14 കോടി രൂപയുടെ പദ്ധതി ചെന്നൈയിലെ ദക്ഷിണ റെയിൽവേ മേഖലാ ഓഫീസിൽ മരവിച്ചുകിടന്നു. റെയിൽവേ വർഷങ്ങൾക്ക് മുൻപ് തത്ത്വത്തിൽ അനുമതി നൽകിയ പദ്ധതിയുടെ ഗതിയിതായിരുന്നു. ‘മാതൃഭൂമി’ പുറത്തുകൊണ്ടുവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ നാലാം പ്ലാറ്റ്‌ഫോമും പിറ്റ്‌ലൈനും ഉപേക്ഷിക്കില്ലെന്നറിയിച്ച് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വീണ്ടും രംഗത്തെത്തി. നാലാം പ്ലാറ്റ്‌ഫോമും പിറ്റ്‌ലൈനും നിർമിക്കാൻ റെയിൽവേമന്ത്രി കെ.എച്ച്. മുനിയപ്പ ബോർഡിന് നിർദേശം നൽകിയതായി കെ. സുധാകരൻ എം.പി. അറിയിച്ചെങ്കിലും എല്ലാം കടലാസിലൊതുങ്ങി.
2016: കണ്ണൂരിൽ പിറ്റ്‌ലൈൻ നിർമിക്കുന്നതിന് അടങ്കൽ തയ്യാറാക്കിയതായി റെയിൽവേ സാങ്കേതികവിഭാഗത്തിന്റെ അറിയിപ്പ്. എന്നാൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനായി (ബി.പി.സി.എൽ.) സ്ഥാപിച്ച പൈപ്പ് ലൈനിന്റെ പേരിൽ റെയിൽവേ ചുവപ്പുകൊടിയുയർത്തി.
2026: ബി.പി.സി.എൽ. പ്രവർത്തനം നിർത്തിയിട്ടും പ്ലാറ്റ്‌ഫോമിലെത്താത്ത വണ്ടിപോലെ കണ്ണൂരിൽ പിറ്റ്‌ലൈനും നാലാം പ്ലാറ്റ്‌ഫോമും തുടരുന്നു. നിലവിൽ മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ കണ്ണൂരിന്റെ വികസനം വീർപ്പുമുട്ടുകയാണ്. കിഴക്കുഭാഗത്ത് രണ്ടാമത്തെ പ്രവേശനകവാടം യാഥാർഥ്യമായെങ്കിലും തീവണ്ടി കയറാൻ മേൽപ്പാലം കയറിയിറങ്ങണം. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലേക്കുള്ള മേൽപ്പാലത്തിന്റെ പടികളുടെ വീതികുറവും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
