സ്കൂളിൽ പഠിച്ചതെല്ലാം തെറ്റാണോ? ലോകം അന്ധമായി വിശ്വസിച്ച ചരിത്രത്തിലെ വമ്പൻ കള്ളങ്ങൾ ഇതാ!

Share our post

ചരിത്രം എക്കാലത്തും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒന്നാണ്. എന്നാൽ നാം സ്കൂളുകളിൽ പഠിച്ചതും, തലമുറകളായി സത്യമെന്ന് വിശ്വസിച്ച് പോരുന്നതുമായ പല ചരിത്ര വസ്തുതകളും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പച്ചക്കള്ളങ്ങളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മൾ അന്ധമായി വിശ്വസിച്ചിരുന്ന, എന്നാൽ യഥാർഥത്തിൽ നുണയായ ചില പ്രധാന ചരിത്ര സംഭവങ്ങൾ ഏതൊക്കെയാണെന്ന് താഴെ വായിക്കാം.

തോമസ് എഡിസൺ ആണോ ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത്?

തോമസ് ആൽവ എഡിസൺ ആണ് ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത് എന്നാണല്ലോ നാം പഠിച്ചിട്ടുള്ളത്. എന്നാൽ ഹെൻറി വുഡ്‌വാർഡ്, മാത്യു ഇവാൻസ് എന്നീ രണ്ട് കനേഡിയൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അതിനെ കൂടുതൽ മെച്ചപ്പെടുത്തുക മാത്രമാണ് എഡിസൺ ചെയ്തത്. 1874ൽ ഈ ശാസ്ത്രജ്ഞർ ബൾബിന്റെ പേറ്റന്റ് എടുത്തിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർക്ക് ഗവേഷണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് 1879ൽ വെറും 5,000 ഡോളറിന് എഡിസൺ ഈ പേറ്റന്റ് സ്വന്തമാക്കുകയായിരുന്നു. എഡിസൺ അല്ല ബൾബിന്റെ യഥാർഥ ഉപജ്ഞാതാവ് എന്ന് പേറ്റന്റ് ഓഫീസ് വിധിച്ചതോടെ ഇത് വലിയൊരു നിയമപോരാട്ടത്തിനും വഴിവെച്ചിരുന്നു.

നെപ്പോളിയൻ ബോണപ്പാർട്ട് ഒരു കുറിയ മനുഷ്യനായിരുന്നോ?

ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരുപക്ഷെ നമ്മുടെയൊക്കെ മനസിൽ വരുന്നത് ഉയരം കുറഞ്ഞ ഒരാളുടെ രൂപമായിരിക്കും. ‘നെപ്പോളിയൻ കോംപ്ലക്സ്’ എന്നൊരു പ്രയോഗം തന്നെ ഇതിൽ നിന്നും ഉണ്ടായതാണ്. എന്നാൽ നെപ്പോളിയന് ശരാശരി ഫ്രഞ്ചുകാരനേക്കാൾ ഉയരമുണ്ടായിരുന്നു (ഏകദേശം 5 അടി 7 ഇഞ്ച്). അക്കാലത്തെ ബ്രിട്ടീഷ് മാധ്യമങ്ങളും കാർട്ടൂണിസ്റ്റുകളും ബോധപൂർവ്വം അദ്ദേഹത്തെ അപമാനിക്കാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു നുണ മാത്രമായിരുന്നു നെപ്പോളിയന്റെ ഉയരക്കുറവ്. നിർഭാഗ്യവശാൽ ലോകം മുഴുവൻ അത് സത്യമാണെന്ന് വിശ്വസിച്ചു.

ആൽബർട്ട് ഐൻസ്റ്റീൻ കണക്കിൽ തോറ്റിട്ടുണ്ടോ?

പഠിക്കാൻ മോശമായ കുട്ടികളെ ആശ്വസിപ്പിക്കാൻ ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഉദാഹരണമാണ്, ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ സ്കൂളിൽ പഠിക്കുമ്പോൾ കണക്കിന് തോറ്റിരുന്നു എന്നത്. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമായ ഒരു കാര്യമാണ്. ഐൻസ്റ്റീൻ തന്റെ ചെറുപ്പത്തിൽ തന്നെ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അസാമാന്യ പ്രതിഭ തെളിയിച്ചിരുന്നു. പ്രായം തികയാത്തത് കാരണം ഒരു പ്രവേശന പരീക്ഷയിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു എന്നത് സത്യമാണെങ്കിലും, ഗണിതത്തിൽ അദ്ദേഹം ഒരിക്കലും തോറ്റിരുന്നില്ല.

1492ൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നാണ് നമ്മുടെ ചരിത്ര പുസ്തകങ്ങൾ ആവർത്തിക്കുന്നത്. എന്നാൽ യാഥാർഥ്യം അതല്ല. സൈബീരിയയെയും അലാസ്കയെയും ബന്ധിപ്പിച്ചിരുന്ന പാതയിലൂടെ എത്തിയ തദേശീയരായ ആളുകൾ അതിനു മുൻപേ അവിടെ താമസിച്ചിരുന്നു. ഐറിഷ് സന്യാസിമാരും ബാസ്ക് തിമിംഗലവേട്ടക്കാരും കൊളംബസിന് മുൻപ് അമേരിക്കയിൽ എത്തിയിരുന്നുവെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നു. മാത്രമല്ല, എഡി 1000നടുത്ത് വൈക്കിങ് തലവനായ ലെയ്ഫ് എറിക്സൺ അവിടെ വാസമുറപ്പിക്കാൻ ശ്രമിച്ചെങ്കിലും തദേശീയർ അവരെ തുരത്തിയോടിച്ചു. കൊളംബസ് യഥാർഥത്തിൽ പുതിയതായി ഒന്നും കണ്ടെത്തിയിരുന്നില്ല എന്ന് മാത്രമല്ല, മരണം വരെ അത് ഇന്ത്യയാണെന്ന് വിശ്വസിച്ച് ആ ഭൂഖണ്ഡത്തിൽ ഒരു വലിയ അധിനിവേശത്തിന് തുടക്കം കുറിക്കുകയാണ് ചെയ്തത്.

മുസോളിനിയുടെ കാലത്ത് ട്രെയിനുകൾ കൃത്യസമയത്ത് ഓടിയിരുന്നോ?

‘മുസോളിനിയുടെ കാലത്ത് ട്രെയിനുകൾ കൃത്യസമയത്താണ് ഓടിയിരുന്നത്’ എന്ന പ്രയോഗം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വലിയൊരു പ്രചരണ ആയുധമായിരുന്നു. ഏകാധിപത്യത്തെയും ആ പഴയ കാലത്തെയും മഹത്വവൽക്കരിക്കുന്നവർ ഇന്നും ഈ നുണ പ്രചരിപ്പിക്കാറുണ്ട്. റെയിൽവേ മേഖല തന്റെ പ്രധാന പദ്ധതികളിലൊന്നായി കണ്ട ബെനിറ്റോ മുസോളിനി അതിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ ഇറ്റലിയിലെ റെയിൽവേ ശൃംഖലയിലുണ്ടായ പുരോഗതികൾക്ക് യഥാർഥത്തിൽ നന്ദി പറയേണ്ടത് അതിനുമുൻപത്തെ സർക്കാരിനോടാണ്. മാത്രമല്ല, ഇത്രയൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടും മുസോളിനിയുടെ കാലത്ത് ട്രെയിനുകൾ ഒരിക്കലും കൃത്യസമയത്ത് ഓടിയിരുന്നില്ല എന്നതാണ് ചരിത്ര സത്യം.

കൊമ്പുള്ള ഹെൽമെറ്റ് വെച്ച വൈക്കിംഗുകൾ!

സിനിമകളിലും കാർട്ടൂണുകളിലും വൈക്കിംഗുകളെ എപ്പോഴും കാണിക്കുന്നത് തലയിൽ വലിയ കൊമ്പുകളുള്ള ഹെൽമെറ്റ് വെച്ച ഭയപ്പെടുത്തുന്ന രൂപത്തിലാണ്. എന്നാൽ യഥാർഥ ചരിത്രത്തിൽ വൈക്കിംഗുകൾ ഒരിക്കലും കൊമ്പുള്ള ഹെൽമെറ്റുകൾ ധരിച്ചിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ചില നാടകങ്ങളിലും ഓപ്പറകളിലും കഥാപാത്രങ്ങളെ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി ഡിസൈനർമാർ ഉണ്ടാക്കിയെടുത്ത ഒരു വേഷം മാത്രമായിരുന്നു ഇത്. പിന്നീട് അത് യഥാർഥ വൈക്കിംഗുകളുടെ രൂപമായി ലോകം തെറ്റിദ്ധരിക്കുകയായിരുന്നു.

ചരിത്രം എപ്പോഴും വിജയികളാലും അധികാരമുള്ളവരാലും എഴുതപ്പെടുന്നതാണ്. അതിൽ യാഥാർഥ്യത്തേക്കാൾ കൂടുതൽ ഭാവനകളും നുണകളും കലർന്നിട്ടുണ്ടാകാം. ഈ വിവരങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് ചരിത്രത്തെ നമ്മൾ കൂടുതൽ വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ്. നിങ്ങൾ സത്യമെന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? അന്ധമായ വിശ്വാസങ്ങളെ മാറ്റിവെച്ച് യാഥാർഥ്യം മനസിലാക്കാൻ ഇത്തരം തുറന്നുപറച്ചിലുകൾ നമ്മെ സഹായിക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!