ശിവപ്രിയം ഇന്ന് അച്ഛനുറങ്ങാത്ത വീട്; കാശിക്കുപോകുന്നെന്ന് എഴുതിവച്ച് ശിവസൂര്യ പോയിട്ട് 14 ദിവസം
കണ്ണൂർ : കൈവശമുള്ളത് 3000 രൂപയും രണ്ടുജോടി വസ്ത്രവും; കാശിക്കുപോകുന്നെന്ന് എഴുതിവച്ച് ഈമാസം 8ന് ശിവസൂര്യ വീടുവിട്ടിറങ്ങുമ്പോൾ കൈവശമുണ്ടായിരുന്നത് ഇതുമാത്രം. പാനൂർ കരിയാട് പുളിയനമ്പ്രം പ്രിയദർശിനി യുവകേന്ദ്രത്തിനു സമീപം ശിവപ്രിയത്തിൽ ശിവസൂര്യയെ(17) കാണാതായിട്ട് 14 ദിവസമായി. വീട്ടിൽനിന്നുള്ള വഴിമുതൽ കാശി വരെ പൊലീസ് നടത്തിയ പരിശോധനയിലൊന്നും ശിവസൂര്യയെ സിസിടിവിയിലോ മറ്റോ കണ്ടെത്താനായില്ല. ഓണത്തിനു മുൻപെങ്കിലും വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് അച്ഛൻ ജിഗീഷും അനുജത്തി ശിവപ്രദയും.
ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ ഫോൺ വാങ്ങിവച്ചതിനെത്തുടർന്നാണ് ശിവസൂര്യ വീടുവിട്ടതെന്ന് അച്ഛൻ പറയുന്നു. 8ന് ഉച്ചയ്ക്ക് ഒന്നിന് ആരോടും പറയാതെ വീടുവിട്ടി മകൻ വേഗം എത്തുമെന്നായിരുന്നു ജിഗീഷിന്റെ പ്രതീക്ഷ. കാശിക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നാണ് മേശപ്പുറത്തെഴുതിവച്ച കുറിപ്പിലുണ്ടായിരുന്നത്. ശിവസൂര്യയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ അമ്മ സിൽജ മരിച്ചു. മുത്തശ്ശിമാരായ സരോജനി, ഗിരിജ എന്നിവരുടെ സംരക്ഷണയിലാണ് വളർന്നത്. സരോജനി മകൾക്കൊപ്പം ആശുപത്രിയിൽ പോയ സമയത്താണ് ശിവസൂര്യ വീട്ടിൽനിന്നിറങ്ങിയത്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് ശിവസൂര്യ.
ചൊക്ലി പൊലീസാണ് കേസന്വേഷിച്ചിരുന്നത്. ബാലാവകാശ കമ്മിഷൻ കെ.വി.മനോജ്കുമാറിന്റെ ഇടപെടലിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ്പി ഡോ.നന്ദഗോപന്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കുന്നത്. ശിവസൂര്യയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. ഗെയിം കളിക്കാൻ പണം നൽകിയ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
അച്ഛൻ പറയുന്നു
‘ആറുമാസം മുൻപാണു മകനു ഫോൺ വാങ്ങിക്കൊടുത്തത്. ഓൺലൈൻ ഗെയിം പതിവാക്കിയ കാര്യം അടുത്തിടെയാണ് ശ്രദ്ധയിൽപെട്ടത്. ബന്ധുക്കളിൽനിന്നെല്ലാം പണം കടംവാങ്ങി ഗെയിം കളിക്കുന്നതറിഞ്ഞ് ഈ മാസം 2ന് ഫോൺ വാങ്ങിവച്ചു. പണം വാങ്ങുന്ന കാര്യം ഫോൺ പരിശോധിച്ചു മനസ്സിലാക്കിയത് 7ന് ആണ് ശിവസൂര്യ അറിഞ്ഞത്. അതിന്റെ പിറ്റേന്നാണു വീടുവിട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ, നടന്നുപോകുന്ന ദൃശ്യം വീടിന് 500 മീറ്റർ അകലെയുള്ള വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് എവിടെയും കണ്ടില്ല. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മംഗളൂരു, ബെംഗളൂരു എന്നിവിടെയൊക്കെ പൊലീസ് തിരഞ്ഞു.
പലരും വിളിക്കുന്നുണ്ട്. പാലക്കാട്ട് കണ്ടെത്തിയെന്നാണ് നാലാം ദിവസം വിവരം ലഭിക്കുന്നത്. എന്നാൽ അതു മറ്റൊരു വിദ്യാർഥിയായിരുന്നു. മംഗളൂരുവിനടുത്തു പുത്തൂരിൽനിന്ന് ഒരാൾ ഏഴാം നാൾ വിളിച്ചു. അവിടെ ബസ് സ്റ്റാൻഡിൽ കണ്ടെന്നുപറഞ്ഞു. പൊലീസിൽ വിവരമറിയിച്ച് ഞങ്ങൾ മംഗളൂരുവിലേക്കു പുറപ്പെട്ടു.
എന്നാൽ ആ ഫോൺ നമ്പർ പൊലീസ് പരിശോധിച്ചപ്പോൾ മലപ്പുറം പെരിന്തൽമണ്ണയിലാണ് ലൊക്കേഷനെന്നു കണ്ടെത്തി. പിന്നീട് ആ ഫോൺ ഓഫായി. രണ്ടുദിവസം മുൻപ് പാനൂരിനടുത്ത് പേരോടെന്ന സ്ഥലത്തു കണ്ടെന്നു പറഞ്ഞ് ഫോൺ വന്നു. പൊലീസ് പരിശോധിച്ചപ്പോൾ മറ്റൊരു വിദ്യാർഥിയായിരുന്നു. ഓരോ ഫോൺ വരുമ്പോഴും പ്രതീക്ഷയിലാണ്.
