മഞ്ഞുരുകുന്നു; ഗ്രീൻലാൻഡ് കടലിലേക്ക് വൻതിമിംഗലങ്ങളുടെ പ്രവാഹം
നൂക്(ഗ്രീൻലാൻഡ്): ആഗോളതാപനത്തെത്തുടർന്ന് കിഴക്കൻ ഗ്രീൻലാൻഡിലെ കടൽമഞ്ഞ് വേഗത്തിൽ ഉരുകിമാറുന്നതോടെ, അപൂർവമായി മാത്രം കണ്ടിരുന്ന കൂറ്റൻ തിമിംഗലങ്ങൾ പ്രദേശത്തേക്ക് കൂട്ടത്തോടെ എത്തുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ഗവേഷകർ നടത്തിയ പഠനത്തിലാണ് ഹംപ്ബാക്ക്, ഫിൻ, മിങ്ക് വിഭാഗത്തിൽപ്പെടുന്ന നൂറുകണക്കിന് വൻ തിമിംഗലങ്ങൾ കടൽമഞ്ഞില്ലാത്ത തീരപ്രദേശങ്ങളിലേക്ക് ആഹാരം തേടിയെത്തുന്നതായി കണ്ടെത്തിയത്.
കട്ടിയുള്ള മഞ്ഞ് മൂടിക്കിടന്നിരുന്ന ഈ തീരങ്ങളിലേക്ക് ഈ തിമിംഗലങ്ങൾക്കു പ്രവേശനം അസാധ്യമായിരുന്നു. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം സമുദ്രത്തിലെ താപനില ഉയരുകയും മഞ്ഞ് ഉരുകുകയും ചെയ്തതോടെ ഇവ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുതുടങ്ങി. 2006 വരെ നടത്തിയ കപ്പൽ സർവേകളിൽ ഇവിടെ ഒറ്റ ഹംപ്ബാക്ക് തിമിംഗലത്തെയും കണ്ടെത്തിയിരുന്നില്ല. എന്നാൽ 2024 ആയപ്പോഴേക്കും ഇവയുടെ സാന്നിധ്യം നൂറിലധികമായി ഉയർന്നു. 2024ലെ വേനൽക്കാലത്തു മാത്രം ഏകദേശം 4,000 ഹംപ്ബാക്ക് തിമിംഗലങ്ങളും 6,000 ഫിൻ തിമിംഗലങ്ങളും 6,000 മിങ്ക് തിമിംഗലങ്ങളും ഗ്രീൻലാൻഡ് കടലിൽ എത്തിയതായി കണക്കാക്കപ്പെടുന്നു.
ചൂടുപിടിച്ച വെള്ളത്തിലേക്ക് വൻതോതിൽ എത്തുന്ന മത്സ്യങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്. എന്നാൽ ഈ മാറ്റം ചില തിമിംഗലങ്ങൾക്ക് ഗുണകരമാണെങ്കിലും പ്രദേശത്തെ തദ്ദേശീയ ആർട്ടിക് ജീവിവർഗങ്ങളായ നർവാൾസ്, ബെലൂഗാസ് എന്നിവയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. മഞ്ഞ് കുറയുന്നതോടെ ഇവയുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെടുകയും മറ്റു തിമിംഗലങ്ങൾ ഇവയുടെ അതിർത്തി കൈയേറുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
