പേര് ബൈക്ക് ടാക്‌സി, നമ്പർ പ്ലേറ്റ് വെള്ള, ചോദിച്ചാൽ മറുപടി ടാക്‌സി പെർമിറ്റ് ആവശ്യമില്ലെന്ന്

Share our post

കോഴിക്കോട്/കൊച്ചി: അപകടമാണോ വിളിച്ചുവരുത്തുന്നത്? കലൂർ ‘മാതൃഭൂമി’ ഓഫീസിൽനിന്ന് ചങ്ങമ്പുഴ പാർക്കിലേക്കുള്ള റാപ്പിഡോ ബൈക്ക് ടാക്സി മുന്നിലെത്തിയപ്പോൾ ആദ്യം തോന്നിയതിതാണ്. മഞ്ഞ നമ്പർ പ്ലേറ്റില്ല, വാഹനത്തിന്റെ രേഖകൾ കൃത്യമാണോ എന്നറിയാൻ ഒരു മാർഗവുമില്ല. യാത്രാമധ്യേ അപകടമുണ്ടായാൽ ആര് സമാധാനം പറയും. മനസ്സിൽ മിന്നിമറഞ്ഞതെല്ലാം ബോധപൂർവം മറന്ന് ബൈക്കിൽക്കയറി. ”ഇതിന് ടാക്സി പെർമിറ്റൊന്നും ആവശ്യമില്ല. രജിസ്‌ട്രേഷൻ സമയത്ത് ആർ.സി., ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് എന്നിവയാണ് ചോദിക്കുന്നത്.” -റാപ്പിഡോ ഡ്രൈവർ യാത്രയ്ക്കിടെ പറഞ്ഞു.

ടാക്സി പെർമിറ്റ് വേണമെന്ന് നിയമമുണ്ടായിട്ടും അതറിയാത്ത ഡ്രൈവർമാരാണ് കൂടുതലുള്ളതെന്നു വ്യക്തം. പെർമിറ്റില്ലാത്ത ഓൺലൈൻ ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നതിനിടെ ബെംഗളൂരുവിൽവെച്ച് അപകടത്തിൽപ്പെട്ട കോഴിക്കോട് കുന്ദമംഗലം സ്വദേശിനി സാനികൃഷ്ണയുടെ (32) ദുരിതജീവിതം മുന്നിലുണ്ടായിട്ടും സംഭവത്തിന്റെ ഗൗരവം അധികൃതർ ഇനിയും മനസ്സിലാക്കിയിട്ടില്ല.

ചങ്ങമ്പുഴ പാർക്കിൽനിന്ന് തിരിച്ച് ‘മാതൃഭൂമി’യിലേക്കുള്ള യാത്രയിലും കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽനിന്ന് ചാലപ്പുറത്തേക്കുള്ള യാത്രയിലുമെല്ലാം റൈഡിനു വന്നത് പെർമിറ്റില്ലാത്ത വെള്ള ബോർഡുള്ള ബൈക്കുകളായിരുന്നു.

ഇൻഷുറൻസ് കിട്ടാം കിട്ടാതിരിക്കാം

ബൈക്ക് ടാക്സികൾ അപകടത്തിൽപ്പെട്ടാൽ അഞ്ചുലക്ഷം രൂപവരെ ഇൻഷുറൻസ് ലഭിക്കുമെന്നാണ് റാപ്പിഡോ വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ, ടാക്സി പെർമിറ്റില്ലാത്ത വാഹനമാണെങ്കിൽ ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചേക്കും. വാഹനരേഖകൾ കൃത്യമാകാതിരുന്നാലും ഇതുതന്നെ സ്ഥിതി.

ഇനി സാധാരണ വാഹന ഇൻഷുറൻസായി സമീപിച്ചാലും ഫുൾകവർ ഇൻഷുറൻസ് ഇല്ലെങ്കിൽ തിരിച്ചടിയാകും. എല്ലാ രേഖകളും കൃത്യമായാലും അപകടമുണ്ടായാൽ പോലീസ് എങ്ങനെ കേസെടുക്കുന്നു എന്നതും ഇൻഷുറൻസ് ക്ലെയിമിനെ ബാധിക്കും.

സുരക്ഷാപ്രശ്‌നമുണ്ടായാൽ റൈഡ് കഴിഞ്ഞയുടനെ ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്നാണ് റാപ്പിഡോ വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ, അടിയന്തര മെഡിക്കൽ സഹായങ്ങളൊന്നും ഇൻഷുറൻസായി ലഭിക്കില്ലെന്നതാണ് വസ്തുത. മെഡിക്കൽ ഇൻഷുറൻസ് സ്വന്തമായുണ്ടെങ്കിലേ ഉപകരിക്കൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!