‌ബെംഗളൂരുവിലെ കെഎസ്ആർടിസി അപകടം: പൊലിഞ്ഞത് രണ്ട് ജീവൻ, കാരണം മുട്ട എറിഞ്ഞതോ? അന്വേഷണം

Share our post

തിരുവനന്തപുരം∙ ബെംഗളൂരു ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിച്ച് അധികൃതര്‍. ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപം, കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ മറ്റൊരു കെഎസ്ആര്‍ടിസി ബസിന് നേരെ മുട്ടയേറുണ്ടായതോടെയാണ് കൂടുതല്‍ പരിശോധന ആവശ്യപ്പെട്ട് അധികൃതര്‍ രംഗത്തെത്തിയത്.

ഓഗസ്റ്റ് 8ന് ബസിന് നേരെ അജ്ഞാതര്‍ മുട്ട എറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. സമഗ്രമായ അന്വേഷണത്തിന് ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, ബസിന്റെ ചില്ലിലേക്കു മുട്ടയേറുണ്ടായിട്ടുണ്ടോ എന്നു ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇന്നലത്തെ മുട്ടയേറിനെക്കുറിച്ചും ഓഗസ്റ്റ് 8നുണ്ടായ അപകടത്തെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക ഡിജിപിക്ക് കെഎസ്ആര്‍ടിസി പരാതി നല്‍കി. ബിഡദിയിലെ മലയാളി സമാജവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് എട്ടിന് ഉണ്ടായ അപകടത്തില്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇന്നലെ രാത്രി മുട്ടയേറുണ്ടായ ഉടന്‍ ഡ്രൈവര്‍ പെട്ടെന്നു ബസിന്റെ വേഗം കുറച്ചതു കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

എക്‌സ്പ്രസ് വേയില്‍ നല്ല വേഗത്തിലായിരുന്ന ബസ് സുരക്ഷിതമായി സൈഡിലേക്ക് ഒതുക്കിനിര്‍ത്താന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞു. കൂടുതല്‍ മുട്ടകള്‍ മുന്നിലെ ചില്ലില്‍ പതിച്ചെങ്കിലും, വൈപ്പര്‍ ഉപയോഗിക്കാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് ഡ്രൈവറുടെ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ ശബ്ദസന്ദേശം കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിലെ അപകടത്തില്‍ മുട്ടയേറിന്റെ സാധ്യത കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!