‘അൽപനേരം ഉറങ്ങിപ്പോയി’; എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ മൊഴി പുറത്ത്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ 300 താഴ്ചയിലേക്കു പതിച്ച സംഭവത്തിൽ ആരോപണവിധേയനായ പൈലറ്റിന്റെ മൊഴി പുറത്ത്. വിമാനത്തിലായിരിക്കേ അൽപസമയം ഉറങ്ങിയിരുന്നെന്ന് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവിക്കുകയും കുടുംബ ഡോക്ടർ കുറിച്ചു തന്ന മരുന്ന് കഴിക്കുകയും ചെയ്തിരുന്നെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് (എഎഐബി) പൈലറ്റ് പറഞ്ഞു. ഒരു മണിക്കൂറിലേറെയാണ് പൈലറ്റിനെ ചോദ്യം ചെയ്തത്.
തായ്ലൻഡിലെ ഫുക്കെറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൈലറ്റിന്റെ രണ്ടാമത്തെ ഡ്രഗ് ടെസ്റ്റും പോസിറ്റീവായതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തലും വരുന്നത്. ഇതോടെ പൈലറ്റ് ജോലിസമയത്ത് ലഹരി ഉപയോഗിച്ചിരുന്നെന്ന വാദം ശക്തമായിരുന്നു. ഫുക്കെറ്റിലെ ലേ ഓവർ സമയത്ത്, വ്യക്തിപരമായ കാരണങ്ങളാൽ ഉറങ്ങാൻ സാധിച്ചില്ലെന്നാണ് പൈലറ്റ് പറയുന്നത്. തുടർന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിനുശേഷം 30–35 മിനിറ്റ് ഉറങ്ങി. ഈ സമയം ഫസ്റ്റ് ഓഫിസർ വിമാനം നിയന്ത്രിച്ചു. തുടർന്ന് ശുചിമുറിയിൽ പോയതിനുശേഷം കോക്ക്പിറ്റിലേക്കു തിരിച്ചെത്തുകയും ഫസ്റ്റ് ഓഫിസറിനു പിന്നിൽനിൽക്കുകയും ചെയ്തു. അവിടെനിന്ന് ഫസ്റ്റ് ഓഫിസറുമായി വിമാനത്തിലെ എയർ കണ്ടിഷൻ സംവിധാനത്തെക്കുറിച്ച് സംസാരിച്ചു നിൽക്കവേയാണ് വിമാനം താഴ്ചയിലേക്ക് പതിക്കുന്ന സംഭവമുണ്ടായതെന്ന് പൈലറ്റ് മൊഴി നൽകിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിമാനം താഴേക്കുപോയതോടെ പൈലറ്റ് കോക്ക്പിറ്റിന്റെ തറയിൽ വീണു.
അതേസമയം, കഴിച്ചുകൊണ്ടിരുന്ന മരുന്ന് ഏതാണെന്ന് പൈലറ്റ് വെളിപ്പെടുത്തിയിട്ടില്ല. ഡിജിസിഎ നിയമപ്രകാരം ഡ്യൂട്ടിക്കെത്തുന്ന പൈലറ്റ് മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ആ വിവരം എയർലൈനിനെ അറിയിക്കണം. അങ്ങനെ ചെയ്യാതിരുന്നാൽ പൈലറ്റിനെതിരെ നടപടി സ്വീകരിക്കാം. ഫുക്കെറ്റ് വിമാനത്തിലെ പൈലറ്റ് മരുന്നുകളെക്കുറിച്ച് എയർ ഇന്ത്യയെ അറിയിച്ചിരുന്നോയെന്ന് വ്യക്തമല്ല.
