സംസ്ഥാനത്ത് ധനവകുപ്പില്‍ ഭരണപ്രതിസന്ധി; സ്തംഭനാവസ്ഥയിലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പില്‍ ഭരണപ്രതിസന്ധി. ബജറ്റ് പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വിഹിതത്തിലും തീരുമാനമായില്ല. വിവിധ വകുപ്പുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിലും തീരുമാനം നീളുകയാണ്. സാമ്പത്തിക വര്‍ഷത്തില്‍ പ്രാഥമികമായി നടക്കേണ്ട യോഗങ്ങള്‍ പോലും നടന്നിട്ടില്ല.
ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് എതിരെ ഉദ്യാഗസ്ഥരുടെ അമര്‍ഷവും ഉയരുന്നുണ്ട്. ധനവകുപ്പ് സ്തംഭനാവസ്ഥയിലാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ധനകാര്യ വകുപ്പിന്റെ പല തീരുമാനങ്ങളും സമയ ബന്ധിതമായി വരുന്നില്ലെന്ന് മുന്‍ ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു.
പ്ലാന്‍ അനുസരിച്ച് നല്‍കുന്നതും അല്ലാത്തതുമായ മറ്റ് പണമിടപാടുകള്‍ നടക്കുന്നില്ലെന്ന പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഗഡു മാത്രമേ നല്‍കിയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സാമൂഹ്യ ക്ഷേമ പെന്‍ഷനും നിര്‍മാണ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. സര്‍ക്കാര്‍ വന്ന് ഇത്ര സമയമായിട്ടും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ല. ആസൂത്രണത്തിന്റെ പ്രശ്‌നമുണ്ട്. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ്. വാചകമടി അല്ലാതെ കാര്യങ്ങള്‍ നടക്കുന്നില്ല. സാമ്പത്തിക വര്‍ഷം പകുതിയായിട്ടും ഒന്നും ചെയ്യുന്നില്ലെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു’, കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് സൈബര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സംശയിക്കുന്നുവെന്ന് കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ പോലും നീക്കുന്നുവെന്നും ഡ്രക്കോണിയന്‍ സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
