ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയൻ ആണ് പിടിയിലായത്. കോഴിക്കോട് ചേവായൂർ പൊലീസാണ് പ്രതിയെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പയമ്പ്രയിലേക്കാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ശേഷം യുവാവിനെ വിട്ടയക്കണമെങ്കിൽ എട്ടു ലക്ഷം രൂപ വേണമെന്ന് സംഘം വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. കുടുംബം മോചനദ്രവ്യം നൽകാൻ തയാറാകാതിരുന്നതോടെ, യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ബന്ധുക്കൾക്കും വീട്ടുകാർക്കും അയച്ചുകൊടുക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഇതിനിടയിൽ പ്രതികളുടെ കസ്റ്റഡിയിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചു പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ജിഷ്ണുവിനെ ചോദ്യം ചെയ്തുവരികയാണെന്നും ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
