കെ.എസ്.ആർ.ടി.സി.-യിൽ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ, ഇനി നിയമപോരാട്ടം
തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ ബസ്സുടമകൾ സമർപ്പിച്ച ഹർജി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) ഫയലിൽ സ്വീകരിച്ചു.
തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം സർക്കാർ നടപ്പാക്കിയ സൗജന്യ യാത്രയ്ക്കെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ബസ്സുടമകൾ സി.സി.ഐയെ സമീപിച്ചത്. രാഷ്ട്രീയബന്ധമില്ലാത്ത ഒരു ബസ്സുടമാ സംഘടനയുടെ രണ്ട് പ്രതിനിധികളാണ് പരാതി നൽകിയത്.
തൃശ്ശൂർ സ്വദേശി ബിബിൻ ആലപ്പാടും ഇതിൽ ഒരാളാണ്. കേരളത്തിലെ ബസ്സുടമാ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റാണ് ബിബിൻ.
കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കിയതോടെ ഉണ്ടായ യാത്രക്കാരുടെ വർധന സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കണക്കും അവകാശവാദങ്ങളുമാണ് ഹർജിയിൽ തെളിവുകളായി കാണിച്ചിരിക്കുന്നത്.
നിലവിലെ സ്ഥിതി തുടർന്നാൽ കേരളത്തിലെ നിരത്തുകളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാകുമെന്നും അത് കുത്തകയ്ക്ക് വഴിയൊരുക്കുമെന്നുമാണ് ഹർജിയിലുള്ളത്. രാജ്യത്ത് കുത്തക തടയാനാണ് 2002-ലെ കോംപറ്റീഷൻ ആക്ട് പ്രകാരം സി.സി.ഐ. സ്ഥാപിച്ചതെന്നും അതിനാൽ ഹർജി പരിഗണിച്ച് കുത്തക തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
