പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Share our post

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവത്തില്‍ ജാര്‍ഖണ്ഡ് ഛത്ര ജില്ലയില്‍ മൂന്നുപേര്‍ പിടിയിലായി. മറ്റൊരു പീഡനക്കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്.

2023ലാണ് മറ്റൊരു പീഡനക്കേസില്‍ ഈ യുവാവ് പിടിയിലാകുന്നത്. ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. വീടിനു പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്നുരാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച്ച രാവിലെ കുട്ടി വീട്ടില്‍ തിരിച്ചെത്തിയാണ് നടന്ന സംഭവം വിവരിച്ചത്. 

തുടര്‍ന്ന് തൊട്ടടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന പ്രതിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും എത്തുകയായിരുന്നു. ഇയാളെ വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് തന്‍ഡവ സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ പ്രഭാത് രഞ്ജൻ ബർവാർ പറയുന്നു. 

പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ മൂന്നുപേരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പാടാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘം ഛത്രയിലെത്തുമെന്ന് ചെയർമാൻ ഹെദായത്തുള്ള ഖാൻ പറയുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!