ഇടുക്കി ഡാമിൽ ഒരു മാസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രം; കേരളം ഇരുട്ടിലാകുമോ?

Share our post

തൊടുപുഴ: കാലവർഷം ചതിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴുന്നു. നിലവിൽ 2327.22 അടി വെള്ളം മാത്രമാണ് ഡാമിലുള്ളത്. ഇത് മുൻവർഷത്തേക്കാൾ 35.84 അടി കുറവാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇതേസമയം 2363.06 അടി വെള്ളം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കി ഡാമിന്റെ ആകെ സംഭരണശേഷിയുടെ വെറും 27 ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, ഇടുക്കിയിലെ ആറ് ജനറേറ്ററുകളും 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിക്കുകയാണെങ്കിൽ വെറും ഒരു മാസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഡാമിലുള്ളൂ. ഇത് സംസ്ഥാനത്തെ ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇടുക്കി മാത്രമല്ല, ജില്ലയിലെ മറ്റു പ്രധാന ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 112.75 അടി മാത്രമാണ്. ഇത് കേരളത്തേക്കാൾ കൂടുതൽ അയൽസംസ്ഥാനമായ തമിഴ്നാടിനെയാണ് പ്രതിസന്ധിയിലാക്കുന്നത്. പൊന്മുടി ഉൾപ്പെടെയുള്ള മറ്റു ഡാമുകളിലും മുൻവർഷത്തെ അപേക്ഷിച്ച് ജലനിരപ്പിൽ വലിയ കുറവുണ്ട്.

കാലവർഷം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. വരാനിരിക്കുന്ന തുലാവർഷമെങ്കിലും കനിഞ്ഞില്ലെങ്കിൽ കേരളം വലിയൊരു പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. നിലവിലെ രീതിയിൽ വൈദ്യുതി ഉപയോഗം തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താൽ ലോഡ്ഷെഡിങ് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം നീങ്ങാൻ സാധ്യതയുണ്ട്.

അതേസമയം, മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം വർധിപ്പിച്ചു. ശരാശരി ഉത്പാദനം 10 ദശലക്ഷം യൂണിറ്റിലേക്കാണ് വൈദ്യുതി ഉത്പാദനം ഉയർത്തിയിട്ടുള്ളത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും വൈദ്യുതി ഉത്പാദനം വർധിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!