പദ്മനാഭന്റെ പക്കലുണ്ട് വിവിധ ഭാഷകളിലെരാമായണ ശേഖരം
മണത്തണ (കണ്ണൂർ): ജില്ലയിലെ ക്ഷേത്രനഗരിയെന്ന് അറിയപ്പെടുന്ന മണത്തണയിലെ ചെറിയത്ത് പദ്മനാഭന്റെ ശേഖരത്തിലുണ്ട് വിവിധ ഭാഷകളിലുള്ള വൈവിധ്യമാർന്ന 228-ഓളം രാമായണങ്ങൾ. ഹിന്ദി, ഉർദു, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം തുടങ്ങി നിരവധി ഭാഷകളിലുള്ള രാമായണങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് പദ്മനാഭൻ മണത്തണയുടെ ‘ചിന്താഗൃഹം’ എന്ന വീട്.
ഇതിഹാസ ഗ്രന്ഥമായ രാമായണം ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരമുണ്ട്. ലോകത്ത്മൂവായിരത്തിലേറെ വൈവിധ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ള രാമായണത്തിന് മലയാളത്തിൽ തന്നെ മുന്നൂറിലേറെ വേർഷൻ ഉണ്ടന്നാണ് പറയപ്പെടുന്നത്.300 വർഷങ്ങൾക്കപ്പുറം രചിക്കപ്പെട്ട ഓലഗ്രന്ഥ രാമായണം നിധി പോലെയാണ് പദ്മനാഭൻ സൂക്ഷിച്ചിരിക്കുന്നത്. മാപ്പിള രാമായണം, ഇശൽ രാമായണം,ഒന്നര സെന്റീമീറ്റർ മാത്രം വലിപ്പമുള്ളതും ഒരിഞ്ച് വലിപ്പമുള്ളതും ഒറ്റ ശ്ലോകത്തിൽ ഉള്ളതുമായ രാമായണങ്ങളും ശേഖരത്തിലുണ്ട്. രാമായണ വ്യാഖ്യായനങ്ങളും പതിനേഴാം നൂറ്റാണ്ടിലെ രാമായണ ചിത്രീകരണം പുസ്തകമാക്കിയതും ശേഖരത്തിലുൾപ്പെട്ടിട്ടുണ്ട്.
ഇന്ന് അച്ചടി കോപ്പി ലഭ്യമല്ലാത്ത രാമായണങ്ങൾ, രാമ കഥകൾ എന്നിവ സമൂഹമാധ്യമങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ബൈന്റ് ചെയ്ത 50 ഗ്രന്ഥങ്ങൾ, അച്ചടിക്കോപ്പി ലഭ്യമല്ലാത്ത 52 പുസ്തകങ്ങൾ, കൈകൊണ്ട് എഴുതി വച്ചവയും ചിന്താഗൃഹത്തിലുണ്ട്. 38 ചിത്രങ്ങളിലായി രാമായണ കഥകൾ വിവരിക്കുന്ന ചിത്രരാമായണം, 38 ചുമർചിത്രങ്ങളിലുടെ രാമകഥ പറയുന്ന ചിത്രങ്ങൾ ഒട്ടിച്ച നാല്ആൽബങ്ങൾ, 70-ലധികംരാമായണ തത്വങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്.
2012 മുതൽ മാതൃഭൂമിയിൽകർക്കട മാസത്തിൽ വരുന്ന രാമായണ തത്വങ്ങൾ മുറിച്ച് ഒട്ടിച്ച ആൽബങ്ങൾ, രാമായണ റൈറ്റപ്പ് വരുന്ന പത്രങ്ങൾ കാർഡ് ബോർഡിൽ ഒട്ടിച്ച നൂറിലധികം ചാർട്ടുകൾ, രാമായണത്തെ പറ്റി ലേഖനങ്ങൾ വരുന്ന ആനുകാലികങ്ങൾ ബൈന്റ് ചെയ്തവ എന്നിവയും പദമനാഭന്റെ പക്കലുണ്ട്. ഇവയും രാമായണ കഥാപാത്ര ഫോട്ടോകളും ചേർത്ത് രാമായണപരിചയം എന്ന പ്രദർശനവും ഇദ്ദേഹം നടത്താറുണ്ട്. 2000-ത്തോളം ഗ്രന്ഥങ്ങളും അറുന്നൂറോളം പുരാവസ്തുക്കളും ചിന്താഗൃഹത്തിലുണ്ട്. ശേഖരം കാണാനും പഠിക്കാനും ഗവേഷണ വിദ്യാർഥികളടക്കം നിരവധിയാളുകൾ പദ്മനാഭന്റെ വീട്ടിലെത്തുന്നുണ്ട്. മഹാഭാരത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവും അടുത്തിടെ ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്.
രാമായണവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനാണ് തുടക്കത്തിൽ രാമായണ ശേഖരം തുടങ്ങിയത്. എക്സൈസ് വകുപ്പിൽ നിന്ന് പ്രിവന്റീവ് ഓഫീസറായി വിരമിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ പോയി വ്യത്യസ്തമായ രാമായണങ്ങൾ ശേഖരിക്കുകയായിരുന്നു. ഇപ്പോഴും ശേഖരണം തുടരുന്നുണ്ട്. 2017 ആവുമ്പോഴേക്ക് 500 എണ്ണമാക്കണമെന്നാണ് പദ്മനാഭന്റെ ആഗ്രഹം. ശേഖരിച്ചു കൊണ്ടുവരുന്ന രാമായണങ്ങളും മറ്റു പുരാവസ്തുക്കളും അടുക്കും ചിട്ടയിലും സൂക്ഷിച്ചുവെക്കാൻ ഭാര്യ ഓമനയും മക്കളായ വിജയ് ശങ്കറും ശാലിനിയും ഇദ്ദേഹത്തെ സഹായിക്കുന്നു.
