പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം: ചികിത്സാ പിഴവ് പരാതിയിൽ ഉറച്ച് കുടുംബം

Share our post

കണ്ണൂർ: പയ്യന്നൂരിൽ ഒന്നരവയസുകാരന്റെ മരണത്തിൽ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയുടെ ചികിത്സാ പിഴവ് പരാതിയിൽ ഉറച്ച് കുടുംബം. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറിയേക്കും.

സംഭവത്തിൽ ഇന്നലെ മാതാപിതാക്കളുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിതാവ് സൂരജിന്റേയും മാതാവ് വിജിഷയുടേയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നേരത്തെയും അന്വേഷണസംഘം കുടുംബത്തെ കണ്ടിരുന്നു. വിശദമായ മൊഴി ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ വൈകി എന്നാണ് പൊലീസിനോട് മാതാപിതാക്കൾ ആവർത്തിച്ചത്.

ജൂലൈ അഞ്ചാം തീയതി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്തേഷ്യ നല്‍കി. ഇതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂലൈ പത്താംതീയതി കുഞ്ഞ് മരണത്തിന് കീഴടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!