വിവാദം ഒഴിയാതെ മലയോര ഹൈവേ നിലവാരം മെച്ചപ്പെടുത്തൽ; ഓവുചാൽ പാതിവഴിയിൽ, മഴവെള്ളം വീടുകളിലേക്ക്

Share our post

ഇരിട്ടി : മലയോരഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ എത്തിയിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. വള്ളിത്തോട് –മണണത്ത റീച്ചിൽ എടൂർ – ആറളം ദൂരത്തിൽ നടത്തിയ പ്രവൃത്തികളിലെ അപാകതകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ. വെള്ളരിവയൽ അയമുക്ക് മേഖലയിലെ ഓവുചാൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്നു മഴവെള്ളം വീടുകളിലേക്ക് കയറുന്നതായി പരാതിയുണ്ട്. സുരക്ഷാഭിത്തി, അരികുകോൺക്രീറ്റിങ്, വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കൽ തുടങ്ങി കരാറിൽ ഉൾപ്പെട്ട പല പ്രവൃത്തികളും പൂർത്തിയാക്കാതെയാണ് നിർമാണം അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായും പ്രദേശവാസികൾ ആരോപിച്ചു.

നിർമാണത്തിനായി സാമഗ്രികൾ സൂക്ഷിക്കാൻ ഉപയോഗിച്ച സ്വകാര്യ സ്ഥലത്തിന്റെ വാടക പോലും നൽകാത്തതായും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതായും പരാതിയുണ്ട്. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ നേരത്തെയും വ്യാപക ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വെമ്പുഴ പുഴയ്ക്കു സുരക്ഷാഭിത്തി നിർമിച്ചതിലെ അപാകതകൾ ഇനിയും പരിഹരിച്ചിട്ടില്ല. റോഡരിക് കോൺക്രീറ്റ് ഇരുവശത്തുമായി കൂട്ടുമ്പോൾ 15 കിലോമീറ്ററോളം പൂർത്തീകരിക്കാനുണ്ട്. മലയോര ഹൈവേയിൽ വീണ്ടും പുതിയ പരാതികൾ ഉയരുന്നതു പ്രവൃത്തികളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കയും വർധിപ്പിക്കുകയാണ്.

ചെലവ് ഉയർന്നു; ചോദ്യങ്ങൾ ബാക്കി 
3 വർഷം മുൻപ് തുടങ്ങിയ പ്രവൃത്തി കഴിഞ്ഞ വർഷം മേയ് 30ന് കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ടതാണ്. ഓരോ തവണയും കാരണങ്ങൾ നിരത്തി പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടുപോയി. സമയപരിധിയിലെ സാങ്കേതികത്വം കൂടി ഉപയോഗപ്പെടുത്തി അവശേഷിച്ച പ്രവൃത്തികൾ പൂർത്തീകരിക്കാതെ കമ്മിഷനിങ് ഘട്ടത്തിലേക്കു നീങ്ങുകയാണെന്നാണ് ജനങ്ങളുടെ പരാതി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് ആദ്യം 50.47 കോടി രൂപയുടെ സാമ്പത്തികാനുമതിയാണു ലഭിച്ചത്. തുടർന്ന് 2021 നവംബർ 12ന് 52.91 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതോടെ 49.39 കോടി രൂപയ്ക്ക് കരാർ നൽകി. പിന്നീട് അലൈൻമെന്റ് ഉൾപ്പെടെ പദ്ധതിയിൽ മാറ്റം വരുത്തി 83.17 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിനും സർക്കാർ അംഗീകാരം നൽകി. പദ്ധതി ചെലവ് ഗണ്യമായി വർധിച്ചിട്ടും അടിസ്ഥാന പ്രവൃത്തികൾ പോലും പൂർത്തിയാകാത്തതാണു നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണം.

വീടുകളിലേക്ക് വെള്ളം 
വെള്ളരിവയൽ അയമുക്ക് – കൂട്ടക്കളം റോഡ് മലയോര ഹൈവേയുമായി ചേരുന്ന ഭാഗത്തു ഇരുഭാഗത്തുമുള്ള ഓവുചാലുകൾ പരസ്പരം ബന്ധിപ്പിക്കാതെ പ്രവൃത്തി അവസാനിപ്പിച്ചതോടെ മഴവെള്ളം സമീപവീടുകളിലേക്ക് ഒഴുകിയെത്തുകയാണ്. നിർമാണസമയത്ത് ഓവുചാൽ പൂർണമായി നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇനിയും പാലിച്ചിട്ടില്ല. സമീപത്തെ 10 മീറ്ററോളം ഭാഗത്ത് ഓവുചാലിന്റെ ഭിത്തി പോലും നിർമിക്കാത്തതിനാൽ സ്ഥലമുടമ സ്വന്തം ചെലവിൽ ചെങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടി കൃഷിയിടം സംരക്ഷിക്കേണ്ടി വന്നതായും പരാതിയുണ്ട്.

സ്വകാര്യ സ്ഥലം ഉപയോഗിച്ചു; വാടക നൽകിയില്ലെന്ന് പരാതി 
നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ സ്വകാര്യ വ്യക്തിയുടെ സ്ഥലം പ്രതിമാസം 10,000 രൂപ വാടകയ്ക്ക് ഉപയോഗിച്ചെങ്കിലും വാടക കൃത്യമായി നൽകിയില്ലെന്നാണു പരാതി. പ്രവൃത്തി പൂർത്തിയായ ശേഷം സ്ഥലം വൃത്തിയാക്കി മണ്ണിട്ടു പഴയ നിലയിലാക്കാമെന്ന ഉറപ്പും പാലിച്ചില്ലെന്നും കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇപ്പോഴും കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്ഥലം ഉടമ വെളുത്തേടത്തുപറമ്പിൽ ജോർജ് ആറളം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.

സുരക്ഷാഭിത്തിയും കോൺക്രീറ്റിങ്ങും ബാക്കി 
റോഡിന്റെ വശങ്ങളിൽ മണ്ണിട്ടു ഉയർത്തിയ ഭാഗങ്ങളിൽ സുരക്ഷാഭിത്തി നിർമിക്കാത്തതും റോഡരികിലെ വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കാത്തതും അപകടഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 12 മീറ്റർ വീതിയുള്ള റോഡിൽ ടാറിങ്ങിനു ശേഷമുള്ള ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യണമെന്ന കരാർ വ്യവസ്ഥയും പാലിച്ചിട്ടില്ലെന്നാണ് ആരോപണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!