കനത്ത കാറ്റും മഴയും, പേരാവൂരിൽ വ്യാപക നാശം; നിരവധി വീടുകളും കാറുകളും തകർന്നു

പേരാവൂർ: കനത്ത കാറ്റിലും മഴയിലും പേരാവൂർ പഞ്ചായത്തിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടും കാറുകളും തകർന്നു. മരങ്ങൾ വീണ് ജിമ്മി ജോർജ് റോഡ്, പുതുശേരി റോഡ്, പുതുശേരി-കാഞ്ഞിരപ്പുഴ ഇ.എം.എസ് റോഡ്, തൊണ്ടിയിൽ-കുനിത്തലമുക്ക് റോഡ് എന്നിവയിലെ ഗതാഗതം തടസ്സപ്പെട്ടു. തൂണുകളും കമ്പികളും പൊട്ടിവീണ് വൈദ്യുതി വിതരണം പൂർണമായും മുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.

മുള്ളേരിക്കലിലെ എടച്ചേരി ഷൈജു, ബിന്ദു തുരുത്തിക്കാട്ടിൽ, ചെല്ലമ്മ വേണളം കുടിയിൽ എന്നിവരുടെ വീടുകളുടെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ നശിച്ചു. പുതുശേരി ഇ.എം.എസ് റോഡിലെ എടപ്പാറ സൈനബയുടെ വീടിനു മുകളിൽ മരം വീണ് നാശമുണ്ടായി. പുതുശേരിയിലെ വെള്ളാംവള്ളി കൗസല്യയുടെ വിറകുപുര മരം വീണ് തകർന്നു. ലക്ഷം വീട്ടിലെ അധികാരത്തിൽ മാത്യു, ചക്ക്യത്ത് രവി എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണ് നാശമുണ്ടായി. ലക്ഷം വീട്ടിലെ കളത്തിൽ സന്തോഷ്, സിന്ധു എന്നിവരുടെ വീടുകളുടെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും നശിച്ചു. ചക്ക്യത്ത് കൃഷ്ണന്റെ 200-ഓളം വാഴകൾ കാറ്റിൽ നിലം പൊത്തി.

താലൂക്കാസ്പത്രിക്ക് സമീപം മരം പൊട്ടി വീണ് രണ്ട് കാറുകൾ തകർന്നു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.അശ്വിൻ ഗോപാലിന്റെ കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. ഡിവൈൻ ഐ കെയറിലെ വി.കെ.വിനയന്റെ കാറിനും ഭാഗികനാശമുണ്ടായി. പേരാവൂർ പുതിയ സ്റ്റാൻഡിലെ കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ നിലം പൊത്തി. ബസ് സ്റ്റാൻഡിലെ ആർടെക്ക് അലൂമിനിയം ഫാബ്രിക്കേഷൻസിന്റെ ബോർഡും നശിച്ചു.

കൊളവംചാലിൽ തൂണേരി ഗോവിന്ദന്റെ പറമ്പിലെ തെങ്ങ് റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. പുതുശേരി ലക്ഷം വീടിനു സമീപവും റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ , വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ദ്രുതഗതിയിൽ മരങ്ങൾ മുറിച്ചു മാറ്റി എല്ലാ റോഡുകളിലെയും ഗതാഗതം സന്ധ്യയോടെ പുന:സ്ഥാപിച്ചു.

