‘കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ വീണ്ടും മുഴങ്ങണമോ?’; നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ മുഴക്കുന്നത് നിർത്തിയ ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി നോട്ടീസ്. കണ്ണൂർ കോർപ്പറേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്. 135 വർഷമായി നിലനിൽക്കുന്ന സൈറൺ മുഴക്കൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ കോർപറേഷൻ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ മുഴക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ചില ചോദ്യങ്ങളും സുപ്രീം കോടതി ഉയർത്തി. സ്‌കൂളുകൾ, ആശുപത്രികൾ, നേഴ്സിങ് സ്ഥാപനങ്ങൾ എന്നിവയുള്ള നഗര ഹൃദയത്തിലാണ് ഈ സൈറൺ മുഴക്കുന്നതെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. 94.9 ഡെസിബെലിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ എന്തിനാണ് സൈറൺ മുഴക്കുന്നതെന്നും സുപ്രീം കോടതി ആരാഞ്ഞു.
‘രണ്ട് വരി ഉത്തരവിൽ കണ്ണൂരുകാരുടെ പാരമ്പര്യത്തിന്റെ ഭാഗമായ സൈറൺ മുഴക്കൽ കോടതി നിർത്തിച്ചു ‘- മുൻസിപ്പൽ കോർപറേഷൻ
കണ്ണൂരിലെ ജനങ്ങളുടെ സംസ്കാരം, പാരമ്പര്യം, വികാരം എന്നിവയുമായി ബന്ധപ്പെട്ട ഈ സൈറൺ 135 വർഷമായി മുഴക്കാറുണ്ടെന്ന് മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനം തുടങ്ങിയ ദിവസങ്ങളിൽ ഈ സൈറൺ മുഴക്കാറുണ്ട്. തളാപ്പിലെ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ ഈ സൈറൺ മുഴക്കൽ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വാദിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെ തുടർന്ന് നിലവിൽ 66.2 ഡെസിബെലിൽ ആണ് സൈറൺ മുഴക്കുന്നത്. എന്നാൽ രണ്ട് വരി ഉത്തരവിലൂടെയാണ് സൈറൺ മുഴക്കൽ കേരള ഹൈക്കോടതി നിർത്തിച്ചതെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
സൈറണിന്റെ ശബ്ദം അനുവദനീയമായ പരിധിയിൽ കൂടുതലാണെന്നും അതിനാൽ നിർത്തിവെക്കുകയോ ശബ്ദപരിധി കുറയ്ക്കുകയോ ചെയ്യണമെന്ന് കാണിച്ച് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. സമയം നോക്കാൻ മറ്റ് സംവിധാനങ്ങളുള്ള കാലത്ത് ഇത് അനാവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
