വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്; ഇന്നലെത്തെ പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 118.26 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ പ്രതിദിന ഉപയോഗം. ഇന്നലെ വൈദ്യുതി വാങ്ങിയതിലും റെക്കോര്‍ഡ് രേഖപ്പെടുത്തിയതായാണ് വിവരം. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ വാങ്ങിയത്.

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടാണ് വൈദ്യുതി ഉപയോഗം ഇത്രയധികം വര്‍ധിക്കാന്‍ പ്രധാന കാരണം. മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന ഉപയോഗത്തെ മറികടന്നാണ് ഈ പുതിയ റെക്കോര്‍ഡ്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം വലിയ രീതിയില്‍ കൂടുന്നത് വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തി രാത്രികാലങ്ങളില്‍ അനാവശ്യമായ ഉപകരണങ്ങള്‍ ഒഴിവാക്കി വെച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

സ്വാപ് കരാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിലെ 600 മെഗാവാട്ടിന്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി വൈകിയതും തിരിച്ചടിയായി. ഡേ എഹഡ് കണ്ടിജന്‍സി മാര്‍ക്കറ്റിലൂടെ ഹ്രസ്വകാല കരാര്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ അനുമതി കൊടുത്തത്.

ഏതൊക്കെ മണിക്കൂറിലേക്ക് വൈദ്യുതി വാങ്ങണം തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. എപ്പോള്‍ മുതല്‍ ഈ വൈദ്യുതി ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. മെയ് 15 വരെ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ പിടിച്ച് നില്‍ക്കാനാണ് കെഎസ്ഇബി ശ്രമം. വേനല്‍ മഴ ലഭ്യമാകുന്നതോടെ വൈദ്യുതി ഉപയോഗം താനേ കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്. കെഎസ്ഇബി പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വാങ്ങിക്കുന്ന വൈദ്യുതിയുടെ ആഘാതം ജൂണ്‍ ജൂലൈ മാസങ്ങളിലാകും ജനം അനുഭവിക്കുക. സര്‍ചാര്‍ജായി ഈ അധിക തുക ജനം കറണ്ട് ബില്ലിനോടൊപ്പം അടക്കേണ്ടി വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!