കോഴിക്കോട് വിമാനത്താവള വികസനം; രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ച് മലകൾ തുരന്ന് മണ്ണെടുപ്പ്; ജനം ആശങ്കയിൽ
പുൽപറ്റ : കോഴിക്കോട് വിമാനത്താവള വികസനത്തിന്റെ ഭാഗമായി പൂക്കൊളത്തൂർ പ്രദേശത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ച് മലകൾ തുരന്ന് മണ്ണെടുക്കുന്നതിൽ പ്രദേശത്തുകാർ ആശങ്കയിൽ. പരിസ്ഥിതി ആഘാതം പഠനം നടത്താതെയുള്ള മണ്ണെടുപ്പ് തടഞ്ഞില്ലെങ്കിൽ സമരം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. മലതുരന്നുള്ള മണ്ണെടുപ്പ് ശുദ്ധജല ക്ഷാമം, മണ്ണൊലിപ്പ് തുടങ്ങിയ പരിസ്ഥിതി ആഘാതത്തിനു കാരണമാകും. മണ്ണുകൊണ്ടുപോകുന്ന വലിയ വാഹനങ്ങളും അപകടഭീതിയുണ്ടാക്കുന്നു. സ്കൂൾ സമയങ്ങളിൽ ഇവ വിദ്യാർഥികളുടെ ജീവനും ഭീഷണിയാകുന്നു. പൊടി ശല്യം ഒഴിവാക്കുന്നതിനു നാമമാത്രമായാണ് റോഡിൽ വെള്ളം തളിക്കുന്നത്.
പ്രശ്നം പരിഹരിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള മണ്ണെടുപ്പ് നിർത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് കമ്മിറ്റി തഹസിൽദാർക്ക് പരാതി നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.റിയാസ്, സെക്രട്ടറി അഫ്സൽ പുൽപറ്റ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ.വി.യാസർ, നൗഷാദ് ഒളമതിൽ, ലബീബ് ചുള്ളിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
