ആറളത്ത് സോളാർ തൂക്കുവേലികൊണ്ടും രക്ഷയില്ല

Share our post

ഇരിട്ടി : ആറളം പുനരധിവാസമേഖലയിലേക്കെത്തുന്ന ആനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച തൂക്കുവേലികൊണ്ടും പ്രയോജനമില്ല. കാട്ടാനകൾ സോളാർതൂക്കുവേലികൾ തകർക്കുന്നത് പതിവായി. ബ്ലോക്ക് 10 കോട്ടപ്പാറ മേഖലയിലാണ് കാട്ടാനകൾ വേലികൾ വ്യാപകമായി തകർക്കുന്നത്. പ്രധാനമായും മരംമറിച്ചിട്ടാണ് ആനകൾ വേലി തകർക്കുന്നത്. പുതുതായി സ്ഥാപിച്ച ഡബിൾലൈൻ തൂക്കുവേലിയാണ് ആന നിഷ്പ്രയാസം തകർക്കുന്നത്. അപകടകാരിയായ മോഴയാനായാണ് കൂടുതലായും വേലിതകർത്ത് ഉള്ളിൽ കയറുന്നത്. മോഴയാനയ്ക്ക് മറ്റ് ആനകൾക്ക് ഏൽക്കുന്നതുപോലെ വേലിയിൽനിന്ന് ഷോക്ക് ഏല്ക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മോഴയാനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീടിനുമുന്നിൽ കഴിഞ്ഞദിവസം ഇതേ ആന എത്തിയതും വേലിതകർത്താണ്. വീടിനുമുന്നിൽ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഴയാന പിന്നീട് സമീപത്തെ സോളാർവേലി തകർത്താണ് കാടുകയറിയത്.

മാമ്പഴം, കശുവണ്ടി, ചക്ക തുടങ്ങിയ സീസൺ ആരംഭിച്ചതോടെ ആനകൾ ജനവാസമേഖല ലക്ഷ്യമാക്കി നിരന്തരം എത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. മോഴ, ചെറിയ മോഴ, കല്ലേരി കൊമ്പൻ, കോരി കൊമ്പൻ, മൊട്ടു കൊമ്പൻ തുടങ്ങിയ ആനകളാണ് മേഖലയിലെ അപകടകാരികളാകുന്നത്.

ആനമതിൽ പൂർത്തിയാകുന്നതോടെ മതിലിന്റെ സംരക്ഷണത്തിനൊപ്പം ആനകൾ വേലിക്ക് സമീപം പ്രവേശിക്കാതിരിക്കാൻ വേലിയും വനമേഖലയോട് ചേർന്ന ഭാഗത്ത് സോളാർവേലിയും തൂക്കുവേലിയും സ്ഥാപിക്കാനുള്ള ആലോചനകളുണ്ടായിരുന്നു. സോളാർവേലിയെ തകർക്കാൻ കാട്ടാനകൾ മറുവഴി കണ്ടെത്തിയ സ്ഥിതിക്ക് മേഖലയിലെ പ്രശ്നങ്ങൾ വീണ്ടും സങ്കീർണമാകുകയാണ്. 10.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് ആനമതിൽ നിർമിക്കുന്നത്. ഇതിൽ ആറുകിലോമീറ്റർപോലും മതിൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മതിൽ പൂർത്തീകരിക്കാത്ത ഭാഗങ്ങളിൽ സോളാർ ഡബിൾവേലിയും മറ്റും സ്ഥാപിച്ചാണ് പ്രതിരോധം തീർത്തത്. ഇത്തരം പ്രതിരോധസംവിധാനങ്ങൾ തകർത്ത് ആനകൾ വീണ്ടും എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!