ശമനമില്ലാതെ പൊള്ളും ചൂട്; കാർഷികമേഖലയിൽ വൻ പ്രതിസന്ധി

Share our post

കണ്ണൂർ: ചുട്ടുപൊള്ളുന്ന കനത്ത വേനൽ ചൂടിൽ വലഞ്ഞ് കർഷകർ. മലയോരമേഖലയിലുൾപ്പെടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ജലക്ഷാമം രൂക്ഷമായതോടെ വാഴ, കമുക്, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾ വെള്ളം ലഭിക്കാതെ ഉണങ്ങിത്തുടങ്ങി. കൊടുംചൂടിൽ വിളവ് കുറഞ്ഞും കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്.

പുഴത്തീരത്തെ ഓടക്കാടുകളും മരങ്ങളും നശിച്ചതും നീരൊഴുക്ക് കുറയാൻ കാരണമായതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതോടെയാണ് പുഴവെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്ന കർഷകർ പ്രതിസന്ധിയിലായത്. ചൂട് വർദ്ധിക്കുന്നത് മത്സ്യകൃഷിയെയും പ്രതികൂലമായി ബാധിച്ചു. പുഴകളിലും കുളങ്ങളിലും ചൂടു കൂടി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്.

ശ്രീകണ്ഠാപുരം, ചെറുപുഴ, പെരിങ്ങോം-വയക്കര, ആറളം തുടങ്ങിയ മലയോരമേഖലകളിലെല്ലാം കഠിനമായ ചൂടിനെ തുടർന്ന് ജലക്ഷാമം നേരിടുന്നുണ്ട്. കിണറുകളിലും ചെറുകുളങ്ങളിലും ജലനിരപ്പ് വേഗത്തിൽ താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തുകൾ ടാങ്കർ ലോറികളിലൂടെ വെള്ളം എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിലവിലെ കാലാവസ്ഥയിൽ സൂര്യാഘാതം, ക്ഷീണം, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളും വയോജനങ്ങളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ലഭ്യമാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ മേയ് മാസത്തോടെ മുൻ വർഷങ്ങളിൽ കാണാത്ത കടുത്ത വരൾച്ചയിലേക്ക് നീങ്ങുവാനാണ് സാദ്ധ്യത. ജില്ലയിൽ സൂര്യാഘാതത്തെ തുടർന്ന് പള്ളിപ്പൊയിൽ സ്വദേശിയായ യുവാവിന്റെ മരണവും ആശങ്കപരത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!