കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

Share our post

തൃശൂര്‍: കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിയുടെ മരണശേഷം വീട്ടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നും നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.

ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായാണ് വീട്ടില്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് മുന്‍പ് അല്‍ജോയുടെ സംസ്‌കാരം നടന്ന തിങ്കളാഴ്ച രണ്ട് തവണയായി വീടിന് പരിസരത്ത് നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്.

തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്കായിരുന്നു പാമ്പ് കടിയേറ്റത്. തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.

വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലും അല്‍ജോയ്ക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിരുന്നു. അതിനിടെ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടെത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!