പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോജിന്റെ ആരോഗ്യനിലയിൽ പുരോഗതി
തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോജിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പത്തു വയസുകാരൻ അനോജ് നിലവിൽ കണ്ണ് തുറക്കുന്നുണ്ടെന്നും നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. എങ്കിലും വെന്റിലേറ്റർ സപ്പോർട്ട് തുടരുകയാണ്.
ഇന്നലെ പുലർച്ചെ അനോജിനെയും സഹോദരൻ ആൽജോയെയും വീട്ടില്‍ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയത്. രാത്രിയിൽ അമ്മയ്ക്കൊപ്പം കട്ടിലിലും പിന്നീട് നിലത്തും കിടന്നുറങ്ങിയ കുട്ടികൾക്ക് പുലർച്ചെ വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.
എന്നാൽ നില വഷളായതിനെത്തുടർന്ന് അഞ്ചു മണിയോടെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി.
