പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടാകില്ല; മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലായ ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഏര്‍പ്പെടുത്താതെ തന്നെ മുന്നോട്ടുപോകുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ച് വരികയാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ആവശ്യകത 6,000 മെഗാവാട്ട് കടന്നത്. ശനിയാഴ്ച പ്രതിദിന ഉപഭോഗം ഏറ്റവും ഉയർന്ന നിരക്കായ 117.15 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6033 മെഗാവാട്ടായും ഉയർന്നു. ചൂട് കൂടിയതോടെ എസി, ഫാന്‍ ഉപയോഗം കൂടി. ഇതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ജനങ്ങള്‍ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ടെന്നും എപ്രിൽ 22-ാം തീയതിയ്ക്ക് ശേഷം അനുമതി ലഭ്യമാവുമെന്ന് കരുതുന്നുവെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു
