പാൽപ്പൊടിയിലും നവധാന്യങ്ങളിലും തിരിച്ചു പിടിച്ച ജീവൻ; അഭയാരണ്യത്തിലെ ആനക്കുട്ടിക്ക് ഒന്നാം പിറന്നാൾ
പെരുമ്പാവൂർ: അമ്മയാനയിൽ നിന്ന് വേർപിരിഞ്ഞ് വനംവകുപ്പിന്റെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക പരിരക്ഷണത്തിൽ അഭയാരണ്യത്തിൽ കഴിയുന്ന കുട്ടിയാനയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ. 2025 ഏപ്രിൽ 18-നാണ് അഭയാരണ്യത്തിനുസമീപം കാട്ടാനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട നിലയിൽ പെൺകുട്ടിയാനയെ കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രമായപ്പോഴാണ് ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടുന്നത്. ശേഷം അമ്മയുടെ മുലപാലിന് പകരം പാൽപ്പൊടിയും നവധാന്യപ്പൊടിയും ഹെൽത്ത് സപ്ലിമെന്റ്സും നൽകിയാണ് ജീവൻ രക്ഷിച്ചെടുത്തതെന്ന് ഡോ. ബിനോയ് ബാബു പറഞ്ഞു.
അഭയാരണ്യത്തിലെ വെറ്ററിനറി ക്ലിനിക്കിനോടുചേർന്ന് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ആനക്കുട്ടിയുടെ താമസം. അണുബാധ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവരെയും സന്ദർശകരെ അനുവദിച്ചിട്ടില്ല. പ്രഭാത ഭക്ഷണത്തിന് ശേഷം അരമണിക്കൂർ നടത്തം, പകൽ ചെലവഴിക്കുന്നതിനായി സമീപമുളള മാഞ്ചിയം തോട്ടത്തിൽ ‘സ്വിമ്മിങ് പൂൾ’ ഉൾപ്പെടെയുളള സൗകര്യം. രാത്രി വീണ്ടും പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ഇതൊക്കെയാണ് ആനക്കുട്ടിക്കായി അഭയാരണ്യത്തിൽ പ്രത്യേകം ഒരുക്കിയിട്ടുള്ളത്.
മാതൃപരിചരണമോ മുലപ്പാലോ ലഭിക്കാത്ത ആനകുട്ടിയെ അഞ്ചുകൊല്ലമെങ്കിലും ഇതേരീതിയിൽ സംരക്ഷിക്കേണ്ടി വരും, അതിനുശേഷം കാട്ടിലേക്ക് തിരിച്ചയക്കാൻ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, മധ്യവേനൽ അവധിയായതോടെ അഭയാരണ്യത്തിൽ സന്ദർശകരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ആശ, അഞ്ജന, സുനിത, പാർവതി, ഹരിപ്രസാദ്, അഭിമന്യു, പീലാണ്ടി ചന്ദ്രു എന്നിങ്ങനെ ഏഴ് ഗജപ്രമാണിമാർ വേറെയുമുണ്ട് അഭയാരണ്യത്തിൽ.
