അട്ടപ്പാടിയിൽ ആംബുലൻസ് സേവനം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
പാലക്കാട്: ആരോഗ്യസുരക്ഷാ കാര്യത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന അട്ടപ്പാടിമേഖലയിൽ 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ ആംബുലൻസ് സർവീസുകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കണ്ണൂർ തളാപ്പ് സ്വദേശി അഡ്വ. ദേവദാസ്, പാലക്കാട് എടയാർത്തെരുവ് റെയ്മണ്ട് അരിമ്പൂക്കാരൻ, ഡോ. സുരേഷ് ഗുപ്തൻ എന്നിവർ നൽകിയ പൊതുതാത്പര്യ പരാതിയിലാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്.
മെച്ചപ്പെട്ട ചികിത്സാസൗകര്യത്തോടൊപ്പം റഫറൽ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകാനുള്ള വിവിധതരം ആംബുലൻസുകളുടെ സേവനവും അട്ടപ്പാടി മേഖലയിൽ അനിവാര്യമാണെന്ന് കമ്മിഷൻ പറയുന്നു. ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണം. നിലവിലുള്ള എട്ട് ആംബുലൻസുകളും സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ പി.എസ്.സി. നിയമനങ്ങൾക്ക് താമസം നേരിടുന്നുണ്ടെങ്കിൽ കരാർനിയമനങ്ങളോ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങളോ നടത്തണമെന്നും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.
കാലപ്പഴക്കമുള്ള രണ്ട് വാഹനങ്ങൾമാറ്റി പുതിയ വണ്ടികൾ വാങ്ങാൻ നടപടി സ്വീകരിക്കണം. വനമേഖലയുൾപ്പെടുന്ന പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആഭ്യന്തരവകുപ്പിനുകീഴിൽ പോലീസ് നിയന്ത്രണത്തിലുള്ള ആംബുലൻസ് സേവനം അനുവദിക്കുന്നത് പരിഗണിക്കണം. ഇതുസംബന്ധിച്ച് അഗളി ഡിവൈ.എസ്.പി. ഓഫീസിലെ സ്പെഷ്യൽ സ്ക്വാഡ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തിൽ താമസമുണ്ടാകാതെ തീരുമാനമെടുക്കണം.
ദിനംപ്രതി സർവീസ് നടത്തുന്ന ആംബുലൻസുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് മാസംതോറും ജില്ലാ കളക്ടർക്കും ഡി.എം.ഒ.യ്ക്കും നൽകണമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിനോട് കമ്മിഷൻ ആവശ്യപ്പെട്ടു.
