കുടുക്കിമെട്ടയുടെ കുരുക്കഴിക്കാൻ സൗന്ദര്യവത്കരണം തുടങ്ങി
കുടുക്കിമെട്ട : കണ്ണൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കുടുക്കിമെട്ട ടൗണിൽ സമഗ്ര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശത്ത് പുതിയ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസംലഭിക്കുമെന്നാണ് പ്രതീക്ഷ.
റോഡിനിരുവശങ്ങളിലുള്ള ഓവുചാലുകൾക്ക് മുകളിലൂടെ നടപ്പാതയും കൈവരികളും നിർമിക്കൽ, റോഡ് വീതികൂട്ടി പാർക്കിങ് സൗകര്യം ഒരുക്കൽ, കൊരുപ്പുകട്ട ഉപയോഗിച്ച് റോഡരികുകൾ സംരക്ഷിക്കൽ എന്നിവയാണ് പ്രധാന പ്രവൃത്തികൾ. ഇതിന്റെ ആദ്യഘട്ട ജോലികളായ അത്യാധുനിക രീതിയിലുള്ള നടപ്പാത നിർമാണവും പുതിയ ബസ് വെയിറ്റിങ് ഷെൽട്ടറിന്റെ പ്രവൃത്തികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പാകത്തിൽ കൊരുപ്പുകട്ട പാകിയാണ് പുതിയ നടപ്പാത ഒരുക്കുന്നത്. റോഡരികിലെ കാടും പടലും നീക്കംചെയ്ത് ശുചിത്വം ഉറപ്പുവരുത്തിയുള്ള ഈ നവീകരണം പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓവുചാൽ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ആധുനിക സൗകര്യങ്ങളോടെയുള്ളതാണ് ബസ് കാത്തിരിപ്പുകേന്ദ്രം. കുടുക്കിമെട്ടയെ ഒരു മാതൃകാ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ വികസനപ്രവർത്തനങ്ങൾ വരുംആഴ്ചകളിൽത്തന്നെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണൂർ വിമാനത്താവളത്തിലേക്കും തളിപ്പറമ്പ് ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ടൗണാണിത്.
എച്ചൂർ, കുടുക്കിമെട്ട ടൗണുകളുടെ സമഗ്ര സൗന്ദര്യവത്കരണ പ്രവൃത്തികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മുണ്ടേരി പഞ്ചായത്ത് ഭരണസമിതിയാണ് സ്ഥലം എം.എൽ.എ.യായ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയത്. പ്രദേശവാസികൾ ചേർന്ന് മുണ്ടേരി പഞ്ചായത്തിലെ വിവിധ ടൗണുകൾ ശുചിയാക്കൽ പതിവായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ‘ശുചിത്വ ബസാർ’ എന്ന ആശയം രൂപപ്പെട്ടത്. 2024-25 ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് ടൗണുകൾക്കുമായി രണ്ട് കോടി രൂപയാണ് സൗന്ദര്യവത്‌കരണത്തിന് അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതിയും ലഭിച്ചതോടെ പ്രവൃത്തി തുടങ്ങി. കരാറുകാരനായ എം.പി. മുഹമ്മദ് കുഞ്ഞിയാണ് നിർമാണം ഏറ്റെടുത്തത്. എച്ചൂരിൽ മൂന്നും കുടുക്കിമെട്ടയിൽ രണ്ടും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കും. എച്ചൂരിൽ ഒരു ഓപ്പൺ സ്റ്റേജും സ്ഥാപിക്കും. റോഡിനിരുവശങ്ങളിലും അലങ്കാരവിളക്കുകൾ സ്ഥാപിക്കാൻ 22 ലക്ഷം രൂപ വകയിരുത്തി. പദ്ധതി പൂർത്തിയായാൽ കുടുക്കിമെട്ട ടൗൺ കൂടുതൽ സുന്ദരമായി മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
