കൂട്ടിയും കിഴിച്ചും മുന്നണികൾ; ആരുറപ്പിക്കും കണ്ണൂരിലെ വിജയക്കസേര?

Share our post

കണ്ണൂർ : ജനവിധിയുടെ ഫലമറിയാൻ മേയ് നാല് വരെ നീളുന്ന കാത്തിരിപ്പ് മുന്നണികൾക്ക് കൂട്ടിയും കിഴിച്ചും കണക്കുകൾ പരിശോധിച്ച് ആശ്വാസംകൊള്ളാനുള്ള ഇടവേളയാണ്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും മുന്നണികളുടെ ആത്മവിശ്വാസത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും. ജില്ലയിൽ സമ്പൂർണാധിപത്യം ഉണ്ടാകുമെന്ന് എൽഡിഎഫ് പറയുമ്പോൾ ചുരുങ്ങിയത് 6 സീറ്റുകൾ നേടുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുമെന്ന് എൻഡിഎയും അവകാശപ്പെടുന്നു.

ജില്ലയിൽ സമ്പൂർണ ആധിപത്യം നേടുമെന്ന അവകാശവാദത്തിന് കാരണമായി ജില്ലാ കൺവീനർ എൻ.ചന്ദ്രൻ പറയുന്നത് ഇങ്ങനെ: ‘നിലവിലെ 9 സീറ്റ് നിലനിർത്തുമെന്നു മാത്രമല്ല, പേരാവൂർ–ഇരിക്കൂർ മണ്ഡലങ്ങൾ എൽഡിഎഫ് പിടിച്ചെടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനമാണ് എൽഡിഎഫ് പ്രവർത്തകർ നടത്തിയത്. ഘടകകക്ഷികളെല്ലാം ചേർന്നു യോജിപ്പോടെയാണ് പ്രവർത്തിച്ചത്. അതിനുള്ള ഫലം എൽഡിഎഫിന് ലഭിക്കും. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ മതിപ്പു പ്രകടമായിരുന്നു. 10 വർഷമായി എൽഡിഎഫ് സർക്കാർ നടത്തിവരുന്ന വികസന– ക്ഷേമ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും. തുടർഭരണം അനിവാര്യമാണെന്ന ബോധ്യത്തിൽ ജനം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. കള്ളവോട്ട് വ്യാപകമായി നടന്നെന്ന ആക്ഷേപം എക്കാലവും യുഡിഎഫും ബിജെപിയും ഉന്നയിക്കുന്നത് തോൽവി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കലാണ്. ബിജെപിയുടെ വർഗീയതയ്ക്കെതിരെ പ്രബുദ്ധ വോട്ടർമാർ കൃത്യമായ നിലപാടെടുത്തു.’

ജില്ലയിൽ യുഡിഎഫിന് 6 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നതിന് ജില്ലാ കൺവീനർ കരീം ചേലേരി മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങൾ ഇങ്ങനെ: ‘ അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ് സീറ്റുകൾ യുഡിഎഫിന് ലഭിക്കും. മറ്റിടങ്ങളിൽ യുഡിഎഫിന്റെ വോട്ട് വർധിക്കും. ജില്ലയിലെ പോളിങ് വർധന യുഡിഎഫിന് അനുകൂലമാണ്. പയ്യന്നൂരിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് നടന്നിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടി. പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും ആറിൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന ഉറച്ച വിശ്വാസമുണ്ട്.’

ജില്ലയിൽ മുന്നേറ്റമുണ്ടാക്കുമെന്നതിന് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാർ ഉന്നയിക്കുന്ന കാരണങ്ങൾ ഇങ്ങനെ: ‘ജില്ലയിൽ എൻഡിഎ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. വോട്ടുകളിൽ കഴിഞ്ഞ തവണത്തെക്കാൾ വർധനയുണ്ടാകും. എൻഡിഎയുടെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ കാണാനായി. എൽഡിഎഫ്– യു‍ഡിഎഫ് ഭരണത്തിൽ നിന്ന് ജനം വലിയ മാറ്റം ആഗ്രഹിക്കുകയാണ്. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ വ്യക്തമായി. ജില്ലയിൽ കള്ളവോട്ടിനു പകരം സഹായി വോട്ട് വ്യാപകമായി നടന്നു. പ്രിസൈഡിങ് ഓഫിസർമാർ ഇതിനു കൂട്ടുനിന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെയും വിവിധ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെയും ഉൾപ്പെടെ സിപിഎം വ്യാപകമായി സഹായി വോട്ട് ചെയ്തു. ഇത്തവണ പരേതർ പുനർജനിക്കാത്ത തിരഞ്ഞെടുപ്പായതിനാൽ സഹായി വോട്ടാണ് ഇതിനായി സിപിഎം തിരഞ്ഞെടുത്തത്. ജനാധിപത്യത്തെ സിപിഎം വെല്ലുവിളിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കാണാനായത്.’

വിജയക്കസേര ആർക്ക്?

രാമചന്ദ്രൻ കടന്നപ്പള്ളി
(എൽഡിഎഫ്) – ജയം ഉറപ്പ്, വൻ ഭൂരിപക്ഷം ലഭിക്കും.
ടി.ഒ.മോഹനൻ (യുഡിഎഫ്) – ജയം ഉറപ്പ്. 15,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും .
സി.രഘുനാഥ് (എൻഡിഎ)– വിജയം ഉറപ്പ്. നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും.

ഇരിക്കൂർ
സജീവ് ജോസഫ് (യുഡിഎഫ്) – യുഡിഎഫ് തുടരും. 10,000ൽ ഏറെ ഭൂരിപക്ഷം ഉണ്ടാകും.
മാത്യു കുന്നപ്പള്ളി (എൽഡിഎഫ്) – എൽഡിഎഫ് ജയിക്കും. ഭൂരിപക്ഷം അയ്യായിരത്തിനു മുകളിലാകും.
ശ്രീനാഥ് പത്മനാഭൻ (എൻഡിഎ) – എൻഡിഎ ജയിക്കും. 2000 മുതൽ 5000 വരെ ഭൂരിപക്ഷം ലഭിക്കും.

ധർമടം
പിണറായി വിജയൻ ( എൽഡിഎഫ്) – വൻ വിജയം നേടും. ഭൂരിപക്ഷം പറയുന്നില്ല.
വി.പി.അബ്ദുൽ റഷീദ് (യുഡിഎഫ്)– യുഡിഎഫ് ജയിച്ചിരിക്കും. 5000 -10000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
കെ.രഞ്ജിത്ത് (എൻഡിഎ)– ജയം എൻഡിഎക്കാകും. 1000-5000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.

കൂത്തുപറമ്പ്
പി.കെ.പ്രവീൺ (എൽഡിഎഫ്)– മികച്ച വിജയം നേടും. 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
ജയന്തി രാജൻ ( യുഡിഎഫ്) – വിജയം ഉറപ്പ്, 5,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും.
ജി.ഷിജിലാൽ (എൻഡിഎ) – മണ്ഡലത്തിൽ ശക്തി തെളിയിക്കും. നല്ല മുന്നേറ്റം ഉണ്ടാകും.

കല്യാശ്ശേരി
എം.വിജിൻ(എൽഡിഎഫ്)– എൽഡിഎഫ് ജയിക്കും, വൻ ഭൂരിപക്ഷം നേടും.
രാജീവൻ കപ്പച്ചേരി (യുഡിഎഫ്)– ഇത്തവണ യുഡിഎഫ് ജയിക്കും. 4000–8000 വോട്ട് ഭൂരിപക്ഷം ലഭിക്കും.
എ.വി.സനിൽ (എൻഡിഎ)– ആര് ജയിക്കണമെന്ന് വോട്ടർമാർ തീരുമാനിക്കും. മണ്ഡലത്തിൽ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും.

തലശ്ശേരി
കാരായി രാജൻ (എൽഡിഎഫ്)– വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ല. 30,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
കെ.പി.സാജു (യുഡിഎഫ്)– അട്ടിമറി ജയം നേടും. 5000 ൽ കുറയാത്ത ഭൂരിപക്ഷം നേടും.
ഒ.നിധീഷ് (എൻഡിഎ) – വിജയിക്കും. ഭൂരിപക്ഷം പ്രവചിക്കുന്നില്ല.

പേരാവൂർ
സണ്ണി ജോസഫ് (യുഡിഎഫ്)– ജയിക്കും, 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും.
കെ.കെ.ശൈലജ (എൽഡിഎഫ്)– ജയം ഉറപ്പ്, ഭൂരിപക്ഷം പ്രവചിക്കാനില്ല.
പൈലി വാത്യാട്ട് (എൻഡിഎ) – ജയിക്കും, 2000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.

പയ്യന്നൂർ
ടി.ഐ.മധുസൂദനൻ (എൽഡിഎഫ്)– വിജയിക്കും. നല്ല ഭൂരിപക്ഷം ലഭിക്കും
വി.കുഞ്ഞിക്കൃഷ്ണൻ ( യു‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി) – ജയിക്കും, ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
എ.പി.ഗംഗാധരൻ (എൻ‍ഡിഎ) – വിജയ പ്രതീക്ഷയുണ്ട്.

തളിപ്പറമ്പ്
പി.കെ.ശ്യാമള (എൽ‍ഡിഎഫ്) – എൽഡിഎഫ് തന്നെ ജയിക്കും. ഭൂരിപക്ഷം 22,000നു മുകളിൽ ഉണ്ടാകും.
ടി.കെ.ഗോവിന്ദൻ (യുഡിഎഫ്)– യുഡിഎഫ് തന്നെ വിജയിക്കും. 10000 നും 15000നും ഇടയിൽ ഭൂരിപക്ഷം ഉണ്ടാകും.
എൻ.ഹരിദാസ് (എൻഡിഎ)– മത്സരഫലവും ഭൂരിപക്ഷവും പ്രവചനാതീതം.

മട്ടന്നൂർ
വി.കെ.സനോജ് (എൽഡിഎഫ്)– മികച്ച ജയം നേടും. ഭൂരിപക്ഷം പറയാനാവില്ല.
ചന്ദ്രൻ തില്ലങ്കേരി (യുഡിഎഫ്) –യുഡിഎഫ് വൻ ജയം നേടും. 5000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
ബിജു ഏളക്കുഴി (എൻഡിഎ) – എൽഡിഎഫ് ജയിക്കും; 30,000 മുകളിൽ ഭൂരിപക്ഷം ലഭിക്കും.

അഴീക്കോട്
കെ.വി.സുമേഷ് (എൽ‍ഡിഎഫ്) – ജയിക്കും. 10,000ന് മുകളിൽ ഭൂരിപക്ഷം നേടും.
കരിം ചേലേരി (യു‍ഡിഎഫ്) – വിജയം സുനിശ്ചിതം, 3000– 6,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
കെ.കെ.വിനോദ് കുമാർ (എൻഡിഎ) – വൻ മുന്നേറ്റം നടത്തും. ജയിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടും

മാഹി (പുതുച്ചേരി നിയമസഭ)
രമേശ് പറമ്പത്ത് (മതേതര പുരോഗമന സഖ്യം )– വിജയം ഉറപ്പ്, മികച്ച ഭൂരിപക്ഷം ഉണ്ടാകും.
ടി.അശോക് കുമാർ (എൽഡിഎഫ് സ്വതന്ത്രൻ)– വിജയിക്കും, ഭൂരിപക്ഷം 2500 കവിയും.
എ.ദിനേശൻ (എൻഡിഎ)– വിജയിക്കാൻ കഴിയും, 1000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!