‘സ്ത്രീവേഷം കെട്ടി പുരുഷന്മാർ പോകുന്ന അമ്പലം കേരളത്തിലുണ്ട്’; ശബരിമല യുവതീ പ്രവേശത്തിൽ കേന്ദ്ര സർക്കാർ

Share our post

ന്യൂഡൽഹി ∙ ബ്യൂട്ടി പാർലറിൽ പോയും വീട്ടിലെ സ്ത്രീകളുടെ സഹായത്തോടെയും സ്ത്രീവേഷം കെട്ടി പുരുഷന്മാർ പോകുന്ന അമ്പലം കേരളത്തിലുണ്ടെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ശബരിമലയിലെ യുവതീപ്രവേശ വിധിയിലെ പുനഃപരിശോധന ഹർജികളിലെ നിയമപ്രശ്നം പരിഗണിക്കുന്ന ബെഞ്ചിലാണ് വാദം. പുരുഷ കേന്ദ്രീകൃതമാണോ സ്ത്രീ കേന്ദ്രീകൃതമാണോ എന്നതല്ല വിഷയം. മറിച്ചു ക്ഷേത്രങ്ങൾ പിന്തുടരുന്ന വിശ്വാസവും ആചാരവുമാണു വിഷയമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

ഇന്നു രാവിലെ വാദം തുടങ്ങിയ ഉടനാണ് തുഷാർ മേത്ത ഇക്കാര്യം പറഞ്ഞത്. ഈ രീതിയിൽ പുരുഷന്മാർക്ക് നിയന്ത്രണങ്ങളുള്ള ക്ഷേത്രങ്ങളെക്കുറിച്ചു രേഖാമൂലം താൻ നൽകിയ വാദങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത 9 അംഗ ഭരണഘടന ബെഞ്ചിനെ അറിയിച്ചു.

ദേവതകളെ ആരാധിക്കുക മാത്രമല്ല, പുരുഷന്മാർ അവരുടെ കാൽ തൊട്ടു വന്ദിക്കുന്ന ലോകത്തിലെ ഏക മതം ഹിന്ദുമതമാണ്. ജെൻഡർ അടിസ്ഥാനമാക്കിയുള്ള ക്ഷേത്ര പ്രവേശനം ലിംഗ വിവേചനമല്ല. മറിച്ചു മതപരമായ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. അതു കോടതികളുടെ പരിശോധനയ്ക്ക് അതീതമാണ്. തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയെക്കുറിച്ചും കേന്ദ്രം നൽകിയ വാദങ്ങളിലുണ്ട്. ഇതു ഗിന്നസ് ബുക്കിൽ ഇടം നേടിയ കാര്യമാണ്. ഉത്സവ സമയത്ത് സ്ത്രീകൾ ഒത്തുകൂടുന്ന ക്ഷേത്രത്തിൽ പുരുഷന്മാർക്കു പ്രവേശിക്കാൻ അനുവാദമില്ല. ദേവിയെ ആരാധിക്കുകയും ‘നാരീ പൂജ’ എന്ന ആചാരം വർഷംതോറും നടത്തുകയും ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ക്ഷേത്രം. ഇവിടെ, ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച 10 ദിവസം വ്രതമെടുക്കുന്ന സ്ത്രീ ഭക്തരുടെ പാദം പുരുഷ പൂജാരിമാർ കഴുകുന്നു. നാരീപൂജ സമയത്തും സ്ത്രീകൾക്കു മാത്രമേ ക്ഷേത്രത്തിൽ പ്രവേശനമുള്ളു.

കൊല്ലം ചവറയിലെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടുന്ന ആചാരത്തെക്കുറിച്ചും പരാമർശമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇവിടത്തെ ഈ‘ചമയവിളക്ക്’ ആചാരം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ ചമയവിളക്കെടുക്കാൻ എത്തുന്നു. ഇതിനു പുറമേ, രാജസ്ഥാൻ പുഷ്കറിലെ ബ്രഹ്മ ക്ഷേത്രം, കന്യാകുമാരിയിലെ ഭഗവതി മാ ക്ഷേത്രം, മുസാഫർപൂർ മാതാ ക്ഷേത്രം, അസമിലെ കാമാഖ്യ ക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങളും കേന്ദ്രം രേഖാമൂലം നൽകിയ വാദങ്ങളിൽ നൽകിയിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!