ഹോര്‍മുസിൽ ഇറാന്റെ ‘വമ്പൻ ഇളവ്’, എണ്ണ കൊണ്ടുപോകാൻ അയൽ രാജ്യത്തിന് അനുമതി, ഇന്ത്യയ്ക്ക് നേട്ടമായേക്കും, ‘ശത്രുവിന്’ വിലക്ക് തുടരും
പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ‘ഇളവ്’. ‘സഹോദര രാഷ്ട്ര’മായ ഇറാഖിന് ഹോർമുസിലൂടെ ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ അനുമതി നൽകിയെന്ന് ഇറാൻ. ഇതിനുപിന്നാലെ പതിവായി ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളോട് 24 മണിക്കൂറിനുള്ളിൽ ഓർഡർ നൽകാൻ ഇറാഖ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹോർമുസ് വഴി ഒരു ദശലക്ഷം ബാരലുമായി ഇറാഖിന്റെ കപ്പൽ കടന്നു പോയതായും മാരിടൈം ഇന്റലിജന്‍സ് ഏജൻസിയായ കെപ്ലറിന്റെ ഡേറ്റ.
രാജ്യത്തെ എല്ലാ ക്രൂഡ് ഓയിൽ ടെർമിനലുകളും പ്രവർത്തനക്ഷമമാണെന്നും ഇറാഖിലെ എണ്ണ വിതരണ കമ്പനിയായ സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ മാർക്കറ്റിങ് ഓയിലിന്റെ അറിയിപ്പിൽ പറഞ്ഞു. വിവിധ രാജ്യങ്ങൾക്ക് ആവശ്യമായ ക്രൂഡ് ഓയിൽ ലഭ്യമാക്കാൻ വേണ്ട സാഹചര്യം നിലവിലുണ്ട്. എത്ര എണ്ണയാണ് വേണ്ടതെന്ന കാര്യം 24 മണിക്കൂറിനുള്ളിൽ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുദ്ധം രാജ്യാന്തര തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ, ഇറാഖിന് ഇളവ് ലഭിച്ചത് പോസിറ്റീവായ നീക്കമാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ഇത് വിപണിയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ എത്താൻ സഹായിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇറാഖ്. 2018 മുതൽ 2022 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണയിറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇറാഖ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഡിസ്ക്കൗണ്ട് നിരക്കിൽ റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ തുടങ്ങിയതോടെ ഇന്ത്യ ട്രാക്ക് മാറ്റി. 2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം 35 ശതമാനം ക്രൂഡ് ഓയിലും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങിയത്.
അതേസമയം, ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
അതിനിടെ, രാജ്യാന്തര സമുദ്ര വ്യാപാരത്തിൽ അതിനിർണായകമായ ഹോർമുസ് കടലിടുക്ക് ഒരിക്കലും പഴയതു പോലെയാകില്ലെന്ന് ആവർത്തിച്ച് ഇറാൻ. ഹോർമുസിൽ വലിയ മാറ്റങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന് ഇറാൻ നാവികസേന പറഞ്ഞു. ഇതുവഴിയുള്ള കപ്പൽ ഗതാഗതം പഴയതു പോലെയാകില്ല, പ്രത്യേകിച്ച് യുഎസിനും ഇസ്രയേലിനും. നിർണായകമായ സമുദ്ര പാതയിൽ വിദേശ ആധിപത്യം അവസാനിക്കും. പുതിയ നിയമങ്ങൾ കൊണ്ടുവരും. ഇതിനായുള്ള സുരക്ഷ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
മേഖലയില്‍ സൈനിക വിന്യാസവും നിരീക്ഷണവും ശക്തമാക്കും. ഇതുവഴി പോകുന്ന കപ്പലുകൾ ഇറാന്റെ നിരീക്ഷണത്തിലായിരിക്കും. പശ്ചിമേഷ്യൻ താൽപര്യങ്ങൾക്ക് അനുസരിച്ചായിരിക്കും കപ്പൽ ഗതാഗതം. ഹോർമുസ് വഴി ക്രൂഡ് ഓയിൽ അടക്കമുള്ളവയുടെ സുരക്ഷിത ഗതാഗതം ഉറപ്പുവരുത്തുമെന്നും ഇറാൻ പറയുന്നു.
