ഇറാനിൽ ഭരണകൂടവും സൈന്യവും നേർക്കുനേർ; പ്രസിഡന്റിനെ നിഷ്പ്രഭനാക്കി ഭരണം പിടിച്ചെടുത്ത് ഐആർജിസി
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിൽ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. ഇറാൻ ഇന്റർനാഷണലാണ് ഈ വാർത്ത പുറത്തുവിട്ടത്.
പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് പെസഷ്കിയാന്റെ നീക്കം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പ്രസിഡന്റ് നിർദേശിച്ച പല സുപ്രധാന നിയമനങ്ങളും ഐആർജിസി തടയുകയായിരുന്നു. യുദ്ധസാഹചര്യം കണക്കിലെടുത്ത് സുപ്രധാന പദവികളിലേക്കുള്ള നിയമനങ്ങൾ തങ്ങൾ നേരിട്ട് നടത്തുമെന്ന കർക്കശ നിലപാടിലാണ് സൈനിക നേതൃത്വം.
ഇറാൻ പ്രസിഡന്റിനെ സൈന്യം പൂർണമായും നിയന്ത്രണത്തിലാക്കിയെന്നും, പരമോന്നത നേതാവ് മൊജ്തബ ഖമനയ്യ്ക്ക് ചുറ്റും സൈന്യം കനത്ത സുരക്ഷാവലയം തീർത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഭരണകൂടത്തിന് ലഭിക്കുന്നത് പോലും സൈന്യം തടയുന്നതായാണ് വിവരം.
