കൊച്ചുകള്ളൻ, ഇനി കുത്തിപ്പൊളിക്കുന്നത് കാണട്ടെ…; അഞ്ചാമതും കള്ളൻ കയറിയതോടെ ഇനി വീട് പൂട്ടുന്നില്ലെന്ന് ഉടമ

Share our post

പയ്യന്നൂർ ∙ അഞ്ചാം തവണയും കള്ളൻ കയറിയതോടെ കുത്തിത്തുറന്ന വാതിൽ ഇനി പൂട്ടുന്നില്ലെന്ന് ഉടമ. വെള്ളൂർ സ്കൂൾ സ്റ്റോപ്പിനു സമീപം ദേശീയ പാതയോരത്തെ റിട്ട.പ്രഫസർ ആർ.സത്യനാഥന്റെ വീട്ടിലാണ് അഞ്ചാമതും കള്ളൻ കയറിയത്. ഇതോടെ ഇനി വീടു പൂട്ടേണ്ടെന്ന് ഉടമ വീടും പറമ്പും നോക്കി നടത്തുന്നയാൾക്കു നിർദേശം നൽകി.

2002ൽ ആണ് മുൻവാതിൽ കുത്തിപ്പൊളിച്ച് ആദ്യം കള്ളൻ കയറിയത്. അന്നു സ്വർണവും പണവും നഷ്ടപ്പെട്ടിരുന്നു. രണ്ടാമതും മുൻവാതിൽ പൊളിച്ചുതന്നെ കള്ളൻ കയറി. അന്നു കുറച്ചു പണം നഷ്ടമായി. പിന്നീടു കുടുംബം പിലാത്തറയിലേക്കു താമസം മാറി. എന്നാൽ വീണ്ടും കള്ളനെത്തി, മുൻവാതിൽ പൊളിച്ചുതന്നെ. അകത്തുകയറി എല്ലാം വാരിവലിച്ചിട്ടു.

പിന്നീടു വാടകക്കാർ ഒഴിഞ്ഞുപോയ ദിവസം കള്ളനെത്തി. വാതിൽ പൊളിച്ചു അകത്തു കയറി. മൂന്നാംതവണ കള്ളൻ കയറിയതിനു ശേഷം വീട്ടുടമ സിസിടിവി സ്ഥാപിച്ചെങ്കിലും അടുത്ത മോഷണത്തിൽ കള്ളൻ അതും കൊണ്ടുപോയി.

ഇന്നലെ ഉച്ചയ്ക്കു പറമ്പിൽ വെള്ളം നനയ്ക്കാൻ എത്തിയയാളാണു മുൻഭാഗത്തെ വാതിൽ പൊളിച്ചതായി കാണുന്നത്. വിവരമറിഞ്ഞ് ഉടമ പൊലീസിൽ പരാതിപ്പെട്ടു. വാതിലിന് അറ്റകുറ്റപ്പണി നടത്തിയ വകയിൽ വലിയൊരു പണം ചെലവായി. ഇനി വാതിൽ മാറ്റുകയല്ലാതെ വഴിയില്ലെന്ന് ആശാരി പറഞ്ഞതോടെയാണു വാതിൽ പൂട്ടേണ്ടെന്ന് ഉടമ തീരുമാനിച്ചത്. മുൻപ് നാല് തവണ കള്ളൻ കയറിയതിനു കേസെടുത്ത പൊലീസിന് ഇതുവരെ കള്ളനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!