വെള്ളമില്ല,വിണ്ടുകീറി പാടശേഖരം; നെൽ കർഷകർ പ്രതിസന്ധിയിൽ

Share our post

പേരാവൂർ: തുലാമഴയിലെ കുറവ് കാരണം വെള്ളം ലഭിക്കാതെ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ പേരാവൂർ വളയങ്ങാട്ടെ പാടശേഖരം വിണ്ടുകീറി കൃഷി പ്രതിസന്ധിയിൽ. 24 -ഓളം കർഷകർ ചേർന്ന് 18 ഏക്കർ ഭൂമിയിൽ ചെയ്യുന്ന രണ്ടാം കൃഷിയാണ് വെള്ളം ലഭിക്കാത്തതിനാൽ നാശത്തിന്റെ വക്കിലായത്. 115-നും 120-നുമിടയിൽ കൊയ്‌തെടുക്കേണ്ട കതിരുകൾ90 ദിവസമാവുമ്പോഴേക്കും വെള്ളം ലഭിക്കാതെ പതിരുകളായി മാറിയിട്ടുണ്ട്.

ഏതെങ്കിലും രീതിയിൽ ഇത്തവണ വെള്ളം ലഭ്യമാക്കിയാലും 90 ശതമാനത്തോളം നശിച്ച കതിരുകൾ ഇക്കുറി കൊയ്‌തെടുക്കൽ സാധ്യമാവില്ല. ഇതോടെ 18 ഏക്കറിലെയും നെൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട നിസ്സഹായവസ്ഥയിലാണ് കർഷകർ. പേരാവൂർ റൈസ് എന്ന പേരിൽ ഗുണനിലവാരമുള്ള അരി വിപണിയിലിറക്കിയ വളയങ്ങാട് പാടശേഖര സമിതിക്കാണ് ഈ ദുർഗതി.

പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ പൂർണമായും വറ്റിയതോടെ കൃഷി അധികൃതരെയും പേരാവൂർ പഞ്ചായത്തധികൃതരെയും കഴിഞ്ഞ മാസം കർഷകർ വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ അധികൃതർ അടിയന്തമായി പരിഹാരം കാണാമെന്ന് കർഷകർക്ക് വാക്ക് നല്കിയെങ്കിലും മാസം ഒന്നാകാറായിട്ടും നടപ്പായില്ല. സമീപത്തെ കുളത്തിൽ നിന്ന് മോട്ടോർപമ്പ് സ്ഥാപിച്ച് തത്കാലം വെള്ളം ലഭ്യമാക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കുമെന്ന് ഉറപ്പ് നല്കിയാൽ കർഷകർ സ്വന്തമായി പണം മുടക്കി പമ്പ് സ്ഥാപിക്കാമെന്ന് പറഞ്ഞെങ്കിലും അധികൃതർ പരിഗണിച്ചില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് വിച്ചാട്ട് പറഞ്ഞു.

ഇനി പ്രതീക്ഷ ഇൻഷുറൻസ് മാത്രം

ഇത്തവണത്തെ കൃഷി പൂർണമായും നശിക്കുമെന്ന സാഹചര്യത്തിൽ ആകെയുള്ള പ്രതീക്ഷ ഇനി ഇൻഷുറൻസ് കമ്പനിയിൽ മാത്രമാണ്. എത്രയുമുടനെ ഇൻഷുറൻസ് തുക ലഭ്യമാക്കാൻ കൃഷി വകുപ്പും പഞ്ചായത്തും നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകർ കടക്കെണിയിലാവും.

കുഴൽക്കിണറുകളോ കുളമോ സ്ഥാപിക്കണം

മാറുന്ന കാലാവസ്ഥ വ്യതിയാനം കാരണംഅടുത്ത സീസണിൽ രണ്ടാം കൃഷി ചെയ്യണമെങ്കിൽ പാടശേഖരത്തിൽ കുളമോ അല്ലെങ്കിൽഒന്നിലധികം കുഴൽക്കിണറുകളോ വേണ്ടിവരുമെന്ന് കർഷകർ പറയുന്നു. ഇത്രയും വലിയ പാടശേഖരത്തിൽപുഴകളിൽ നിന്ന് വെള്ളമെത്തിച്ച് കൃഷി ചെയ്യുന്നത് പ്രായോഗികമല്ലെന്നും കർഷകർ പറഞ്ഞു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!