കേരള മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം കെ ബാബു മുസ്ലിം ലീഗിൽ ചേരും

Share our post

മലപ്പുറം: കേരള മൈനിങ് ആന്‍ഡ് ക്രഷിങ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംകെ ബാബു മുസ്ലിം ലീഗില്‍ ചേരും. ദീര്‍ഘ കാലമായി സിപിഐഎം അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു എം കെ ബാബു. 20 വ്യവസായ സംഘടനകളുടെ സംസ്ഥാന ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ലീഗില്‍ ചേരുന്നത് എന്ന് ബാബു പറഞ്ഞു. മുസ്ലിം ലീഗില്‍ അംഗത്വം എടുക്കാന്‍ എം കെ ബാബു പാണക്കാട് എത്തി. സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും അംഗത്വം സ്വീകരിക്കും. ഡിവൈഎഫ്‌ഐ കാവിലുംപാറ മേഖല സെക്രട്ടറി, കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി അംഗം, എസ്എഫ്‌ഐ നാദാപുരം ഏരിയ കമ്മിറ്റി അംഗം, ജില്ലകമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയിലെ ഖനനത്തിനുള്ള അനുമതിയില്‍ ഇളവ് നല്‍കിയ നടപടിയാണ് ബാബുവിന്റെ ലീഗ് പ്രവേശനത്തിവന് വഴിവെച്ചതെന്ന ചർച്ചകളും ഉയരുന്നുണ്ട്. ഇന്നലെയാണ് സര്‍ക്കാര്‍ ഭൂമിയില്‍ പാറ പൊട്ടിക്കാനുള്ള അനുമതി ഇനി മുതല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കാം എന്ന ഉത്തരവ് പുറത്തുവന്നത്. നിലവിലുണ്ടായിരുന്ന ഇ ടെണ്ടര്‍ വ്യവസ്ഥ ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പാറ പൊട്ടിക്കാനുള്ള സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണെങ്കില്‍ അപേക്ഷകന്‍ വഴി കണ്ടെത്തണമെന്ന് മാത്രമാണ് വ്യവസ്ഥ. ലീസ് റെന്റും, സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കുമ്പോള്‍ ഏഴ് മുതല്‍ 12 വര്‍ഷം വരെ അനുമതി നല്‍കുമെന്നും വ്യവസ്ഥയിലുണ്ട്. പാറ ഉത്പ്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതില്‍ തമിഴ്നാട് വിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധിയായെന്നും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!