കുടുംബശ്രീ മൂല്യവർധിത യൂണിറ്റുകൾ സ്ഥാപിക്കാം; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ :കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനവും മെച്ചപ്പെട്ട ഉപജീവനമാർഗവും ഉറപ്പാക്കാനും ഇടത്തരം മൂല്യവർധിത യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി 4.5 ലക്ഷം രൂപ അല്ലെങ്കിൽ പദ്ധതി ചെലവിന്റെ 45% സബ്സിഡിയായി അനുവദിക്കും. ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പരമാവധി പദ്ധതി തുക 10 ലക്ഷം രൂപ. കുടുംബശ്രീ ലൈവ്സ്റ്റോക്ക് ക്ലസ്റ്റർ, പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ വ്യക്തിഗത അപേക്ഷകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. മൂല്യവർധിത ഉൽപ്പന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയവർക്കും ഗാർഹികതലത്തിൽ ഉൽപ്പന്ന നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും മുൻഗണന. അപേക്ഷാ ഫോം പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ, സി.ഡി.എസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ നവംബർ 16 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0497 2702080.
