കടലിന്റെ മക്കൾക്ക് സ്വന്തം മണ്ണ് അന്യമാക്കുന്നു
വികസനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും തിളക്കത്തിന്റെ പേരിൽ, പൊള്ളയായ വാഗ്ദാനങ്ങൾക്ക് മറവിൽ, തലമുറകളായി കടലിനെയും തീരദേശത്തെയും ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ സ്വത്വവും ജീവനോപാധികളും തച്ചുടയ്ക്കപ്പെടുന്ന വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണ് കേരളവും ലക്ഷദ്വീപും. യുഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന കടുത്ത അവഗണനയും ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കേരള മാരിടൈം ബോർഡ് ഭേദഗതി ബില്ലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്ന ജനവിരുദ്ധ നീക്കങ്ങളും ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. സംസ്ഥാനത്തെ 222 മത്സ്യബന്ധന ഗ്രാമങ്ങളിലായി അധിവസിക്കുന്ന 10 ലക്ഷത്തിലധികം വരുന്ന മനുഷ്യരാണ് സർക്കാരിന്റെ ഈ നയങ്ങൾമൂലം ഇന്ന് കടുത്ത ആശങ്കയിലായിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെയും പരമ്പരാഗത അവകാശങ്ങളെയും പാടെ ഹനിക്കുന്നതാണ് കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ. വിയോജനക്കുറിപ്പുകളെയും ജനകീയ ആശങ്കകളെയും നിസ്സാരമായി കണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രകടമായത്. തലമുറകളായി മത്സ്യത്തൊഴിലാളികൾ സംരക്ഷിച്ചുപോന്ന തീരഭൂമിയും കടലും വാണിജ്യ ശക്തികൾക്ക് വച്ചുനീട്ടുന്ന അപകടകരമായ നീക്കമാണിത്.
കേരളത്തിന്റെ 590 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും അതിനോടു ചേർന്നുള്ള പൊതുഭൂമിയും “മാരിടൈം ലാൻഡ് ബാങ്ക്’ എന്ന വ്യാജേന സ്വകാര്യ ഏജൻസികൾക്കും കോർപറേറ്റുകൾക്കും കൈമാറാനാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ വഴിതുറക്കുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പിന്റെയും കൈവശം ആയിരക്കണക്കിന് ഏക്കർ ഭൂമി നിലവിലുണ്ട്. ആ ഭൂമിപോലും ഒരു തടസ്സവുമില്ലാതെ പിടിച്ചെടുക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. റവന്യു വകുപ്പ് തീരദേശ വാസികൾക്കായി നൽകി വരുന്ന പട്ടയവിതരണംപോലും ഇനി ഉണ്ടാകാൻ പോകുന്നില്ല. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരദേശത്തുള്ള അവകാശവും റദ്ദാകാൻ പോകുന്നു.
ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികളുടെ പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതങ്ങൾ ശാസ്ത്രീയമായി വിലയിരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ വള്ളങ്ങളും വലകളും സൂക്ഷിക്കുന്നതിനും മീൻ ഉണക്കുന്നതിനും ഉപയോഗിച്ചിരുന്ന തീരങ്ങളും ജനാധിപത്യവിരുദ്ധമായ ഈ അധികാരകേന്ദ്രീകരണംമൂലം അവർക്ക് അന്യാധീനമാകും. തീരത്തെ ധാതുമണൽ കൊള്ളയ്ക്കും സ്വകാര്യ മാഫിയകൾക്കും വഴിയൊരുക്കുന്ന ഈ നിയമം കടലിന്റെ മക്കളെ വറുതിയിലാക്കും.
യുഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച “മിഷൻ സമുദ്ര’ പോലുള്ള പദ്ധതികളുടെ പേരുപറഞ്ഞാണ് മാരിടൈം ബോർഡിന് അപരിമിത അധികാരങ്ങൾ വച്ചുനീട്ടുന്നത്. മാരിടൈം ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂമിയും തുറമുഖേതര ഭൂമിയും ഉപയോഗിച്ച് സംയോജിത ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള വൻകിട വാണിജ്യ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ബോർഡിന് ഇത് അധികാരം നൽകുന്നു. എന്നാൽ, തീരദേശ പരിപാലന നിയമങ്ങൾക്കും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾക്കും വിരുദ്ധമായി ഇത്തരം നിർമാണങ്ങൾ വരുന്നത് ഭാവിയിൽ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആവാസവ്യവസ്ഥയെയും ഉപജീവന മാർഗങ്ങളെയും തകർക്കും. മാരിടൈം ബോർഡിനെയും “മിഷൻ സമുദ്ര’ പദ്ധതികളെയും മുന്നിൽനിർത്തി സ്വകാര്യ പങ്കാളിത്തത്തിന്റെ പേരിൽ തീരപ്രദേശം കോർപറേറ്റുകൾക്ക് അടിയറവയ്ക്കുകയാണ്.
പൊതു–സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലുള്ള പദ്ധതികളുടെ 30 വർഷത്തെ കരാർ കാലാവധി പൂർത്തിയാകുമ്പോൾ, പുതിയ ടെൻഡർ ഇല്ലാതെ നിലവിലുള്ള കരാറുകാർക്ക് കാലാവധി നീട്ടിനൽകാനുള്ള വ്യവസ്ഥ സുതാര്യതാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. തീരദേശ മേഖലയിലെ വിഭവങ്ങളുടെമേലുള്ള പൊതുനിയന്ത്രണം പൂർണമായി നഷ്ടപ്പെടുമെന്ന കാര്യത്തിലും തർക്കമില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം കടുത്ത അവഗണനയാണ് നേരിടുന്നത്. കടലാക്രമണത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കായി വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജുകൾ കടലാസിൽ ഒതുങ്ങി. മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുന്ന മണ്ണെണ്ണ വിലക്കയറ്റവും സബ്സിഡി വെട്ടിക്കുറയ്ക്കലും തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. കടലിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലോ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിലോ സർക്കാർ തീർത്തും പരാജയമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട സർക്കാർതന്നെ അവരുടെ കടൽമേഖല കോർപറേറ്റുകൾക്ക് തീറെഴുതുകയാണ്.
കേരളത്തിന്റെ തീരങ്ങളിൽ നടക്കുന്ന ഈ കോർപറേറ്റ്വൽക്കരണത്തിന് സമാനമായ കാര്യങ്ങൾതന്നെയാണ് അയൽപക്കത്തുള്ള ലക്ഷദ്വീപിലും നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും വിനോദസഞ്ചാര വികസനത്തിന്റെയും പേരിൽ നടപ്പാക്കുന്ന പുതിയ നയങ്ങൾ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതികളെയും ഉപജീവന മാർഗങ്ങളെയും തകർക്കുകയാണ്. എൽഡിഎആർ (ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ)പോലുള്ള നിയമങ്ങളും മാസ്റ്റർ പ്ലാനുകളും വഴി സാധാരണക്കാരുടെ ഭൂഅവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രീകരിക്കപ്പെടുകയുമാണ്. ഇതിലൂടെ പരമ്പരാഗത മത്സ്യബന്ധനവും തൊഴിലാളികളുടെ വരുമാനവും തകർക്കപ്പെടുന്നു. കടലോരത്തിരുന്ന തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുമാറ്റിയതും മീൻപിടിത്ത ഉപകരണങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും അവരുടെ നിത്യജീവിതത്തിന് ഭീഷണി ഉയർത്തുന്നു. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്റർ ആയശേഷം ജനങ്ങളുടെ അഭിപ്രായങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞ് ഏകപക്ഷീയ തീരുമാനങ്ങളും കർശന നിയന്ത്രണങ്ങളുമാണ് നടപ്പാക്കുന്നത്.
വികസനം അനിവാര്യമാണെങ്കിലും അത് മണ്ണും മനുഷ്യരെയും പരിസ്ഥിതിയെയും കവർന്നെടുത്തുകൊണ്ടാകരുത്. തദ്ദേശീയരുടെ അവകാശങ്ങളും ജനാധിപത്യപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മത്സ്യബന്ധന ഗ്രാമങ്ങളിലെ പാവപ്പെട്ട തൊഴിലാളികളെ വഴിയാധാരമാക്കുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കും സർക്കാരിന്റെ അവഗണനയ്ക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളും ജനകീയ പ്രതിരോധങ്ങളും ഉയർന്നുവരേണ്ടത് നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണ്.
