മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10,000രൂപ,അദാലത്തിൽ എത്തിച്ചാൽ പൂജ്യം
കൊച്ചി:റോഡുകളിൽ ദിനംപ്രതി നഷ്ടമാവുന്ന ജീവനുകളിൽ വലിയൊരു ശതമാനത്തിനും കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ്.കടുത്ത നിയമവും വലിയ പിഴയും നിശ്ചയിച്ചാണ് ഇതിന് തടയിടാൻ ശ്രമിച്ചത്.എന്നാൽ ഇത്തരത്തിൽ കോടതിയിൽ എത്തുന്ന കേസുകളിൽ വലിയൊരു വിഭാഗത്തിലും തക്കതായ ശിക്ഷയില്ലാതെ രക്ഷപെട്ട് പോകുന്നു.ജീവൻ നഷ്ടമായവര്‍ക്കും നിത്യമായ അംഗഭംഗങ്ങൾ സംഭവിച്ചവർക്കും മാത്രമായി നഷ്ടങ്ങൾ തുടരുന്നു.
കെട്ടികിടക്കുന്ന കേസുകളുടെ ബാഹുല്യം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ അദാലത്ത് സൗകര്യവും നിയമ ലംഘകർ പ്രയോജനപ്പെടുത്തുന്നു.ഒരു പൈസയും നൽകാതെ രക്ഷപെടാനുള്ള പഴുതായി ഇത്തരം അവസരങ്ങൾ മാറുന്ന സാഹചര്യവുമാണ്.
മോട്ടോര്‍ വാഹന നിയമം 185വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനം ഓടിച്ചാൽ 10,000രൂപ പിഴ ശിക്ഷ ലഭിക്കും.ഇല്ലെങ്കിൽ ആറ് മാസം തടവ് അനുഭവിക്കണം.കുറ്റം ആവര്‍ത്തിച്ചാൽ 15,000രൂപവരെ പിഴയും രണ്ടു വർഷം വരെ തടവും ആവാം.രാജ്യത്ത് ഓരോ ദിവസവും മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴിയുള്ള അപകടങ്ങൾ കുത്തനെ വര്‍ധിച്ചതോടെയാണ് നിയമം കടുപ്പിച്ചത്.സാധാരണയായി 185-ാം വകുപ്പ് പ്രകാരം ചുമത്തുന്ന ഈ കുറ്റത്തിനൊപ്പം എംവി-ആക്ട് 279 കൂടി ചേര്‍ക്കും.അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ചുമത്തുന്ന കുറ്റമാണിത്. 1000രൂപ വരെ പിഴ ലഭിക്കാം.മദ്യപിച്ച് വാഹനം ഓടിക്കൽ പൊലീസിന് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്നതും സ്റ്റേഷൻ ജാമ്യം ആവശ്യമായതുമായ കുറ്റമാണ്.
പൊലീസിനും കോടതിക്കും ഊര്‍ജ നഷ്ടവും സമയ നഷ്ടവും
എന്നാൽ ഇത്തരത്തിൽ കുറ്റം ചെയ്തിട്ടും കോടതിയിൽ ഹാജരായില്ലെങ്കിൽ കേസ് വാറണ്ടായി കിടക്കും. പിന്നാലെ പൊലീസ് എത്തില്ലെന്ന് ഉറപ്പാക്കുന്നവര് മുങ്ങി നടക്കും. പിന്നീട് അദാലത്തിൽ എത്തിയാൽ ലഭിക്കുന്നത് കോടതി പിരിയും വരെ തടവ് എന്ന ഔപചാരിക ശിക്ഷ മാത്രമാണ്.ഇതല്ലെങ്കിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനുള്ള 500രൂപ പിഴയിൽ തീരും.കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ രേഖപ്പെടുത്തലുകൾക്കായി ചിലവഴിച്ച പേപ്പറിന്റെ കാശുപോലും സര്‍ക്കാരിന് നഷ്ടമാവും.
ബ്രീത്ത് അനലൈസർ പരിശോധനയിൽ 100മില്ലിലിറ്റർ രക്തത്തിൽ 30മില്ലിഗ്രാമിൽ കൂടുതൽ (30mg/100ml)ആൽക്കഹോൾ കണ്ടെത്തിയാൽ ആണ് കുറ്റം ചുമത്തുന്നത്.സമയ ബന്ധിതമായി രക്ത പരിശോധന നടത്തി കറ്റം തെളിയിക്കയും വേണം.പൊലീസ് സേന വലിയ ഊർജവും സമയവും ഇതിനായി നീക്കിവെക്കുകയും ചെയ്യുന്നുണ്ട്.
കോടതികളിലേക്ക് കേസ് എത്താനുള്ള കാലതാമസവും പലപ്പോഴും ഇവയെ അദാലത്തുകളിൽ എത്തിക്കുന്നു.ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന മദ്യപിച്ച് വാഹനം ഓടിക്കൽ സാധാരണ പെറ്റി കേസുകളുടെ കൂട്ടത്തിൽ അദാലത്തിൽ പരിഗണിക്കപ്പെടുകയാണ്.കെട്ടികിടക്കുന്ന കേസുകളുടെ ഭാരം മൂലം ഇവ എഴുതി തള്ളാൻ ഒരു ഘട്ടത്തിൽ ഹൈക്കോടതി സര്‍ക്കാര്‍ അനുമതി തേടിയസാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇതിൽ പ്രധാനമായ പലതരം കേസുകൾ ഉണ്ടായേക്കാം എന്ന് ചൂണ്ടികാണിക്കപ്പെട്ടു.
കോടതിയുടെ ആവശ്യത്തോട് സര്‍ക്കാര്‍ മൗനം പാലിച്ചതോടെ ഇത്തരം കേസുകൾ വീണ്ടും ഭാരമായി തുടര്‍ന്നു. അവ കൂട്ടമായി അദാലത്തുകളിലേക്ക് എത്തി. എന്നിട്ടും തീര്‍ക്കാൻ കഴിയാത്ത സാഹചര്യത്തിൽ തുടരുന്നു.ഇതിനിടയിലാണ് മദ്യപിച്ച് വാഹനം ഓടിച്ച് മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തിയ തരത്തിലുള്ള സാരമായ കേസുകളും ഇവയ്ക്കൊപ്പം തീര്‍പ്പിന് എത്തുന്നത്.
കേസുകൾ കെട്ടികിടക്കുന്നത് കുറയ്ക്കാനായി സംഘടിപ്പിക്കുന്ന ലോക അദാലത്തുകളും മെഗാ അദാലത്തുകളും തര്‍ക്ക പരിഹാരങ്ങൾക്ക് ഏറെ സഹായകരമാണ്. വൻതോതിൽ സമയനഷ്ടവും മനുഷ്യ വിഭവശേഷി നഷ്ടവും ധനനഷ്ടവും ഒഴിവാക്കാനും കോടതി സംവിധാനത്തിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഗുരുതര ട്രാഫിക് നിയമ ലംഘനം പോലുള്ള കേസുകളും ഇതോടൊപ്പം എത്തുന്നത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആശങ്കയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
