എ.ടി.എമ്മിൽ സൗജന്യ ഇടപാടുകൾ എത്ര? അതുകഴിഞ്ഞാൽ എത്ര രൂപ ഫീസ് നൽകണം? നിർദേശങ്ങൾ പുറത്തുവിട്ട് ആർ.ബി.ഐ
എ.ടി.എം, പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) എന്നിവ വഴി പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനുമുള്ള ചട്ടങ്ങൾ പുറത്തുവിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതനുസരിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിന്റെ എടിഎം വഴി പ്രതിമാസം 5 തവണ സൗജന്യ ഇടപാടുകൾ നടത്താം. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും നോൺ മെട്രോ നഗരങ്ങളിൽ അഞ്ചും പ്രതിമാസ സൗജന്യ ഇടപാടുകളാണുള്ളത്.
മെട്രോ-നോൺ മെട്രോ നഗരങ്ങളിൽ മാറി മാറിയാണ് ഇടപാടുകളെങ്കിൽ സൗജന്യമായി അഞ്ചെണ്ണം വരെ മാത്രമേ അനുവദിക്കൂ. എന്നാൽ ബാങ്കുകൾക്ക് വേണമെങ്കിൽ സൗജന്യ ഇടപാടുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കാമെന്നും ആർബിഐ അറിയിച്ചു. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് ആർബിഐ മെട്രോ നഗരങ്ങളായി പരിഗണിക്കുന്നത്. ബാക്കിയുള്ളവയെല്ലാം നോൺ മെട്രോ നഗരങ്ങളാണ്. ഇത് പുതിയ നിർദേശങ്ങളല്ല. നിലവിലുള്ള നിർദേശങ്ങളെല്ലാം ഏകീകരിച്ച് ആർബിഐ പുറത്തുവിട്ടതാണ്.
എ.ടി.എം ഇടപാടിലെ മറ്റ് നിർദേശങ്ങൾ
∙മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് ഒരു തവണ പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപയാണ്.
∙സൗജന്യ ഇടപാടുകൾക്കു ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ബാങ്കുകൾക്ക് ഫീസ് ഈടാക്കാവുന്നതാണ്. എന്നാൽ ഇത് നികുതി കൂടാതെ 23 രൂപയിൽ കവിയരുത്.
∙ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ച നിരക്കായിരിക്കണം ഈടാക്കേണ്ടത്.
∙ഓരോ മാസവും ബാക്കി എത്ര സൗജന്യ ഇടപാടുകൾ ബാക്കിയുണ്ടെന്നും അതിനുശേഷം എത്ര രൂപ ഫീസ് ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം ബാങ്കുകൾ നടപ്പിലാക്കണം.
∙പണം കിട്ടിയില്ലെങ്കിൽ ഇടപാടല്ല – സാങ്കേതിക തകരാറോ ബാങ്കിന്റെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും തകരാറോ കാരണം എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഇതിനെ ഇടപാടായി പരിഗണിക്കില്ല. ഹാർഡ്വെയർ /സോഫ്റ്റ്വെയർ തകരാർ, കണക്ടിവിറ്റി പ്രശ്നങ്ങൾ, എടിഎമ്മിൽ പണം ഇല്ലാത്ത അവസ്ഥ, പിൻ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് ഇതിൽ പരിഗണിക്കുക.
∙എല്ലാ എടിഎമ്മുകൾക്കും മുന്നിൽ അവ മെട്രോ-നോൺ മെട്രോ പ്രദേശത്താണെന്ന തിരിച്ചറിയൽ ബോർഡ് സ്ഥാപിക്കണം. ഇക്കാര്യം സംബന്ധിച്ച വെബ്സൈറ്റിലെ വിവരങ്ങളും കൃത്യമായിരിക്കണം.
പിഒഎസ് യന്ത്രങ്ങൾ വഴി പണം പിൻവലിക്കുന്നതിനുള്ള ചട്ടങ്ങളും ആർബിഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവ ഉപയോഗിച്ചാണ് പിഒഎസ് വഴി പണം പിൻവലിക്കാൻ കഴിയുന്നത്. 2000 രൂപയാണ് ഇത്തരത്തില് ഒറ്റത്തവണ പിൻവലിക്കാനാവുക. ഒരു മാസം ഇത്തരത്തിൽ 10,000 രൂപ വരെ പിൻവലിക്കാം. ഇടപാടുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുകയാണെങ്കിൽ അത് പിൻവലിച്ച തുകയുടെ ഒരു ശതമാനത്തിൽ കൂടാൻ പാടില്ല. കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചു വേണം ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകാൻ. സാധനങ്ങൾ വാങ്ങിയില്ലെങ്കിലും ഉപഭോക്താക്കൾക്ക് പിഒഎസ് യന്ത്രം വഴി പണം പിൻവലിക്കാവുന്നതാണ്. ഇനി സാധനങ്ങൾ വാങ്ങുന്നതിനൊപ്പമാണ് പണം പിൻവലിക്കുന്നതെങ്കിൽ ഇതിന് വെവ്വേറെ രസീതുകൾ നൽകണമെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു.
