അനുഗ്രഹിക്കാൻ വീണ്ടുമെത്തുന്നു തെയ്യങ്ങൾ

Share our post

കാഞ്ഞങ്ങാട്: തിരുവായുധങ്ങളേന്തിയും തിരുപ്പുടവയണിഞ്ഞും തിരുമുറ്റത്തിറങ്ങിയുറഞ്ഞാടാൻ വീണ്ടും തെയ്യങ്ങളെത്തുന്നു. വിശ്വാസം ആശ്വാസത്തിലേക്കും പ്രതീക്ഷയിലേക്കും വഴിമാറുന്ന മഞ്ഞൾക്കുറിക്കാലം. തീപ്പന്തങ്ങളേന്തിയും തീക്കൂനയിലേക്കു ചാടിയും പരകായപ്രവേശത്തിൽ നിറഞ്ഞാടുന്ന ദൈവകോലങ്ങൾ അത്യുത്തര കേരളത്തിന് വെറുമൊരു കാഴ്ചയും ആസ്വാദനവും മാത്രമല്ല. നിറയുന്ന കണ്ണുകളെ കാണും മണ്ണിലിറങ്ങുന്ന ദൈവങ്ങൾ. കരസ്പർശത്താൽ ഭക്ത മനസുകൾക്ക് ഉർജമേകും. സങ്കടങ്ങൾക്ക് കാതോർക്കും. സന്തോഷത്തെ പകരാൻ സ്നേഹ വചനങ്ങളുണ്ടാകും. കാവുകളിലുയരുന്ന ചിലമ്പൊച്ചകളും മേളപ്പെരുക്കങ്ങളും നൽകുന്നത് തികച്ചും വിത്യസ്തമായ അനുഭൂതി.

വിദേശത്തുനിന്നടക്കം ധാരാളംപേർ തെയ്യക്കാലത്ത് ഉത്തരമലബാറിലേക്കെത്തുന്നു. ടൂറിസം മേഖലയേയും സമ്പന്നമാക്കുന്നു ഓരോ തെയ്യാട്ടക്കാലവും. എല്ലാ വർഷവും തെയ്യങ്ങൾ കെട്ടിയാടുന്ന കാവുകളുണ്ട്.

ഒരു വർഷം ഇടവിട്ടും രണ്ടും മൂന്നും വർഷത്തെ ഇടവേളകളിലും നടക്കുന്ന കളിയാട്ടങ്ങളുമുണ്ട്. വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന പെരുങ്കളിയാട്ടവുമുണ്ട്. വിശ്വാസത്തേയും കാർഷിക സംസ്‌കാരവും ചേരുന്ന തുലാപ്പത്ത് അഥവാ പത്താമുദയത്തിൽ എല്ലാ കാവുകളിലും ദേവസ്ഥാനമുള്ള തറവാടുകളിലും അനുഷ്ഠാനങ്ങൾ നടക്കും.

ഈ വർഷം തെയ്യാട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പത്താമുദയ ദിവസം ആചാരനുഷ്ഠാനങ്ങൾ നടക്കും. തുലാപ്പത്തിനാണ് എല്ലാ കാവുകളും ഉണരുന്നത്. എന്നാൽ തുലാം ഒന്ന്(ഞായറാഴ്ച) മുതൽ തന്നെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും.

കളിയാട്ടത്തിന് തുടക്കമിട്ട് അരങ്ങിലെത്തുന്നത് തിമിരി പാടത്ത് വലിയ വളപ്പിൽ ചാമുണ്ഡിയാണ്. കാർഷിക സംസ്‌കാരത്തിന്റെ മറ്റൊലിയെന്ന പോലെ വയലിലെത്തി വിത്തെറിയും ചാമുണ്ഡിയമ്മ. പുലയസമുദായക്കാരാണ് വലിയ വളപ്പിൽ ചാമുണ്ഡിയെ കെട്ടുന്നത്. വേലം പക്കൽ കോലം എന്ന ചൊല്ലുണ്ട് കോലത്തു നാട്ടിൽ. പയ്യന്നൂർ പെരുമാളിന്റെ (സുബ്രഹ്‌മണ്യ സ്വാമി) അധീനതയിലുള്ള കാവുകളിലും ദേവസ്ഥാനങ്ങളിലും വേലന്മാർ കെട്ടിയാടുന്ന തെയ്യങ്ങൾ തുലാം ഒന്നു മുതൽ പതിനൊന്ന് വരെ എല്ലാ ദിവസങ്ങളിലുമുണ്ട്.

പെരുമാളിന്റെ തട്ടകത്തിലെ കുണ്ടോർ ചാമുണ്ഡിയുടെ കളിയാട്ടമെന്നാണ് 11 ദിവസത്തെ തെയ്യങ്ങളെ ഒരുമിച്ച് പറയുക. പയ്യന്നൂർ മമ്പലം തെക്കടവൻ തറവാട് ദേവസ്ഥാനത്താണ് തുടക്കം. തുലാം ഒന്നിനും രണ്ടിനുമാണിത്.

തുലാം രണ്ട്, മൂന്ന് തീയതികൾ പയ്യന്നൂർ കൊറ്റിയിലെ പിലാങ്കു തറവാട് ദേവസ്ഥാനത്തും മൂന്ന്,നാല് തീയതികളിൽ കൊറ്റിയിലെ കുത്തൂർ തറവാട് ദേവസ്ഥാനത്തും നാല്, അഞ്ച് തീയതികളിൽ പയ്യന്നൂർ തൊട്ടേൻ തറവാട് ദേവസ്ഥാനത്തും അഞ്ച്, ആറ് തീയതികളിൽ പയ്യന്നൂർ ഉത്തമന്തിൽ കിഴക്കേ വീട് തറവാട് ദേവസ്ഥാനത്തും ആറ്, ഏഴ് തിയതികളിൽ എടവലത്ത് തറവാട് ദേവസ്ഥാനത്തും ഏഴ് എട്ട് തിയതികളിൽ പുളുക്കൂൽ തറവാട് ദേവസ്ഥാനത്തും എട്ട്, ഒൻപത് തിയതികളിൽ കലശപ്പുരത്തറവാട് ദേവസ്ഥാനത്തും ഒൻപത്, 10 തീയതികളിൽ പുല്ലായ്ക്കൊടി തറാവാട് ദേവസ്ഥാനത്തും 10,11 തിയതികളിൽ എടാടൻ തറവാട് ദേവസ്ഥാനത്തും തെയ്യങ്ങൾ കെട്ടിയാടും.

അള്ളട ദേശത്ത്(കാസർകോടൻ ഗ്രാമങ്ങൾ)11-ന് അരയി കാർത്തികച്ചാമുണ്ഡിക്കാവിലെ തെയ്യങ്ങൾ പുഴകടന്നെത്തും. അള്ളട ദേശത്ത് ആദ്യം അരങ്ങുണരുന്നത് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാർക്കാവിലായിരുന്നു. 2024-ലിൽ വെടിക്കെട്ട് അപകടമുണ്ടായതിനാൽ ഇവിടെ ഇക്കുറിയും കളിയാട്ടവിളക്ക് തെളിയുന്നില്ല. 2027 ൽ ചാമുണ്ഡിയമ്മയുടെ പുന:പ്രതിഷ്ഠയും ബ്രഹ്‌മകലശോത്സവവും നടത്തിയ ശേഷമേ ഇനി തെയ്യങ്ങൾ അരങ്ങിലെത്തൂ.അണിയലങ്ങൾ മിനുക്കിയും ഉടയാടകൾ പുതുക്കിയുമെല്ലാം കോലധാരികളും മുന്നൊരുക്കത്തിലാണ്. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!