വാ… ഡബിൾ ഡെക്കറിൽ കണ്ണൂർ നഗരം കാണാൻ പോകാം ; 40 മിനിറ്റ് കൊണ്ട് നഗരപ്രദക്ഷിണം: 100 രൂപ ടിക്കറ്റ് ചാർജ്
കണ്ണൂർ : വർണ വിളക്കുകളിൽ തെളിഞ്ഞു നിൽക്കുന്ന കണ്ണൂർ നഗരത്തെ ഉയരത്തിലിരുന്ന് കാണുമ്പോഴുള്ള ഭംഗി അനുഭവിച്ചറിയുക തന്നെ വേണം. ദസറ ആഘോഷത്തോടനുബന്ധിച്ച് നിറദീപത്തിൽ തെളിയുന്ന നഗരത്തിലൂടെ യാത്ര ചെയ്യാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് എത്തി. പഴയ ബസ് സ്റ്റാൻഡിൽ നിന്നു തുടങ്ങുന്ന യാത്ര 40 മിനിറ്റ് കൊണ്ട് നഗരപ്രദക്ഷിണം നടത്തി തിരിച്ചെത്തും. കണ്ണൂർ ദസറയുടെ ആഘോഷം പുത്തൻ അനുഭവമാക്കാൻ വേണ്ടിയാണ് നഗരസഭയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. 10 ദിവസമാണ് ബസ് കണ്ണൂരിൽ സർവീസ് നടത്തുക.100 രൂപയാണ് ടിക്കറ്റ് ചാർജ്.
മുകൾഭാഗം തുറന്ന (മേൽക്കൂരയില്ലാത്ത) ഡബിൾ ഡെക്കർ സവാരിയിൽ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തെ കാണാം. പഴയ ബസ് സ്റ്റാൻഡ്–എകെജി ആശുപത്രി– താണ– പ്ലാസ– മുനീശ്വരൻ കോവിൽ– പഴയ ബസ് സ്റ്റാൻഡ് ആണ് റൂട്ട്. 40 മിനിറ്റാണ് ഒരു റൂട്ടിലെ സമയം. വൈകിട്ട് 5 മുതൽ രാത്രി 10 വരെയാണ് നിലവിൽ സർവീസ് സമയം. കൂടുതൽ ആളുകളുണ്ടെങ്കിൽ 12 വരെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി ഡിടിഒ പി.ഇ.രഞ്ജിത്ത് പറഞ്ഞു.
വിദേശ നഗരങ്ങളിലും മുംബൈ, ഡൽഹി പോലെ ഇന്ത്യൻ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ‘നൈറ്റ് റൈഡേഴ്സ്’ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണു നിലവിലുള്ളത്. ദസറ നൈറ്റ് റൈഡ് വൻ ഹിറ്റായാൽ ഡബിൾ ഡെക്കർ യാത്ര കണ്ണൂരിൽ സ്ഥിരമാക്കാനും കെഎസ്ആർടിസിക്കു പദ്ധതിയുണ്ട്. ബസ് സർവീസ് ഉദ്ഘാടനം മേയർ പി.ഇന്ദിര നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിഷാം താണ, ലിഷ ദീപക്, ശ്രീജ മഠത്തിൽ, സോന ജയറാം, വി.കെ.മുഹമ്മദലി എന്നിവർ പങ്കെടുത്തു.
