ഏകാധിപത്യത്തിനെതിരായ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണഘടനാ സ്ഥാപനങ്ങളെയും പൂർണമായി കാൽക്കീഴിലാക്കാനുള്ള ഏകാധിപത്യ നീക്കങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫെസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സമാധാനപരമായി സംഘടിച്ചവർക്കെതിരെ ഇന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത് അങ്ങേയറ്റം കിരാതമായ ഭരണകൂട ഭീകരതയാണ്. പ്രതിഷേധത്തെ അമർച്ച ചെയ്യാൻ അരലക്ഷത്തോളം പൊലീസിനെയും അർധസൈനികരെയുമാണ് തെരുവിൽ വിന്യസിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണങ്ങളാണ് അവർ ഇന്ന് അഴിച്ചുവിട്ടത്. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എംപിയെ പോലീസ് വാഹനത്തിലിട്ട് ശ്വാസംമുട്ടിച്ച് ക്രൂരമായി മർദിക്കുകയും തെരുവിൽ വലിച്ചെറിയുകയും ചെയ്തു. ഒരു പാർലമെന്റ് അംഗത്തിനെ പോലും വിലകൽപ്പിക്കാത്ത ഡൽഹി പൊലീസ് വെറും ക്രിമിനൽ സംഘമായി അധഃപതിച്ചിരിക്കുന്നു.
സമാനതകളില്ലാത്ത ക്രൂരതയാണ് വിദ്യാർഥി-യുവജന നേതാക്കൾക്ക് നേരെ നടന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയുടെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസിനെ നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു. സമരമുഖത്തുണ്ടായിരുന്ന എസ്എഫ്ഐയുടെ വനിതാ നേതാക്കളായ സിമ്രനെയും ശരണ്യയെയും കഴുത്തിന് കുത്തിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത പൊലീസ്, കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വാഹനത്തിനകത്ത് ചവിട്ടിമെതിക്കുകയായിരുന്നു. ധ്രുവ് റാഠി, അഭിജിത് ദീപ്കെ തുടങ്ങി പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന നിരവധി പേർ പൊലീസിന്റെ അതിക്രമത്തിന് ഇരയായി.
ആയിരക്കണക്കിന് പേരെയാണ് മൃഗീയമായാണ് തല്ലിച്ചതച്ചത്. ഹിറ്റ്ലറുടെ നാസി ജർമ്മനിയെ ഓർമ്മിപ്പിച്ചു കൊണ്ട് അറസ്റ്റിലായവരെ പാർപ്പിക്കാൻ സ്റ്റേഡിയങ്ങളെ താൽക്കാലിക തടങ്കൽ പാളയങ്ങൾ ആക്കി മാറ്റുകയാണ്. നേതാക്കളെ ഇരുമ്പഴികൾ കൊണ്ടു മറച്ച ബസ്സുകളിൽ കേറ്റി അതിർത്തികളിലേക്ക് നാടുകടത്താൻ നോക്കുകയാണ്.
ചോദ്യങ്ങൾ ചോദിക്കുന്നവരെയും വിയോജിക്കുന്നവരെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് സംഘപരിവാറിന്റെ അതിമോഹം മാത്രമാണ്. അധികാരത്തിന്റെ ഹുങ്കിൽ അവർ അഴിച്ചുവിടുന്ന ഈ ഭരണകൂട ഭീകരതയ്ക്കുമുന്നിൽ മുട്ടുമടക്കുന്നവരല്ല ഈ നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. ഡൽഹിയിലെ തെരുവുകളിൽ വീണ ഓരോ തുള്ളി ചോരക്കും ബിജെപി സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഈ ക്രൂരമായ നരനായാട്ടിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിർഭയത്വത്തോടെ അണിനിരക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ.
ജന്തർ മന്തറിൽ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഇന്നലെ പിണറായി വിജയനെയും മറ്റ് സിപിഎം നേതാക്കളെയും മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഡൽഹി പൊലീസ് വിട്ടയച്ചത്. രാവിലെ പത്തരയോടെ ജോൺ ബ്രിട്ടാസ് എം.പി, കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് പിണറായി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
