പേരാവൂർ ടൗണിൽ ജലവിതരണം നിലച്ചിട്ട് ഒരു മാസം; പൊതുശൗചാലയവും അടച്ചിട്ടു
പേരാവൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ഒരു മാസം തികഞ്ഞിട്ടും പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറാവാത്തതിനെതിരെ പ്രതിഷേധമുയരുന്നു. കുടിവെള്ളവിതരണം നിലച്ചതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും സർക്കാർ-സർക്കാരിത സ്ഥാപനങ്ങളിലുള്ളവരും ഏറെ ബുദ്ധിമുട്ടിലാവുകയാണ്. വെള്ളം ലഭിക്കാതായതോടെ ടൗണിലെ പൊതുശൗചാലയവും ഒരു മാസമായി അടച്ചിട്ട നിലയിലാണ്. ഇത് ടൗണിലെത്തുന്നവർക്കും ദുരിതമാവുന്നുണ്ട്.
ചെവിടിക്കുന്നിലെ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും ടൗണിൽ ജലവിതരണം നടക്കാത്തതിന്റെ കാരണം കണ്ടുപിടിക്കാൻ ആഴ്ചകളായിട്ടുംഅധികൃതർക്ക് കഴിയുന്നില്ല. ജലവിതരണ പൈപ്പിലുണ്ടായ ലീക്കാവാം വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റികൂത്തുപറമ്പ് സെക്ഷൻ ഓഫീസ് അധികൃതർ പറയുന്നത്. മഴക്കാലമായതിനാൽ എവിടെയാണ് വെള്ളം ലീക്കാവുന്നതെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നുംഇത് കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, ജലവിതരണം എന്ന് പുന:സ്ഥാപിക്കാനാവുമെന്ന് അധികൃതർക്ക് പറയാനാവുന്നില്ല.
കൂത്തുപറമ്പ് സെക്ഷൻ ഓഫീസിൽ നിലവിൽ അസിസ്റ്റന്റ് എഞ്ചിനീയറില്ലാത്തതിനാൽ കീഴല്ലൂർ സെക്ഷൻ എ.ഇക്കാണ് പകരം ചുമതലയുള്ളത്. വെള്ളം ലഭിക്കുന്നില്ലെങ്കിലും ഒരു മാസത്തെ മിനിമം ചാർജായ 320 രൂപ ഉപഭോക്താക്കൾ അടക്കേണ്ട അവസ്ഥയാണ്. ടൗണിലെ പൊതുകിണർ പുനർ നിർമിക്കുന്നതിനാൽ ഇവിടെ നിന്നും വെള്ളം ശേഖരിക്കാൻ കഴിയാത്തത് ഹോട്ടലുകളെയും കൂൾബാറുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
