പ്ലാനിങ് ഒക്കെ കൊള്ളാം, പക്ഷേ ചെറുതായിട്ടൊന്നു പാളി ! കണ്ണൂർ നഗരത്തിലെ ഗതാഗത പരിഷ്കരണം ആദ്യദിനം തന്നെ പൊളിഞ്ഞു
കണ്ണൂർ: ഓണത്തിരക്ക് പരിഹരിക്കാനായി പൊലീസും കോർപറേഷനും നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം ആദ്യദിനം തന്നെ പാളി. ഇന്നലെ വൈകിട്ടോടെ ബാങ്ക് റോഡ് ഗതാഗതക്കുരുക്കിലായി. ഇന്നലെ മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും വൈകിട്ട് വൻകുരുക്കായി. ബാങ്ക് റോഡിൽ ആംബുലൻസുകൾ ഉൾപ്പെടെ വാഹനക്കുരുക്കിൽപ്പെട്ടു.
ഓണം സീസൺ കഴിയും വരെനഗരത്തിൽ ഗതാഗതക്രമീകരണം ഒരുക്കാൻ കോർപറേഷൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചെങ്കിലും ആദ്യദിനം തന്നെ തീരുമാനം നടപ്പാക്കാനായില്ല. ബാങ്ക് റോഡിൽ ഇന്നലെ വൈകിട്ട് 3.45 മുതൽ അരമണിക്കൂറിലേറെ സമയം ഗതാഗതക്കുരുക്കായിരുന്നു. കുരുക്കില്ലാതെ വാഹനം സുഗമമായി നീങ്ങിയിരുന്ന പുതിയ ബസ് സ്റ്റാൻഡ് –ബാങ്ക് റോഡ് ജംക്‌ഷനിൽ വൻകുരുക്കായിട്ടും പൊലീസിനെ കാണാനുണ്ടായില്ല
ഏറെ നേരത്തിനു ശേഷം പൊലീസ് എത്തിയെങ്കിലും നാട്ടുകാർ ഗതാഗതം നിയന്ത്രിച്ച് അപ്പോഴേക്കും കുരുക്ക് അഴിഞ്ഞിരുന്നു. എസ്ബിഐ ജംക്‌ഷനിൽ നിന്നു ബാങ്ക് റോഡിലേക്കും, എസ്ബിഐയിൽ നിന്ന് താവക്കര ബസ് സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും, പ്ലാസ ജംക്‌ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം വഴി താവക്കര ബസ് സ്റ്റാൻഡ് എൻട്രി വരെയും വൺവേ ഏർപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നതെങ്കിലും അത്തരത്തിലുള്ള ബോർഡുകളോ നിയന്ത്രണങ്ങളോ ഉണ്ടായില്ല.
വാഹനം നിയന്ത്രിക്കാൻ പൊലീസും ഉണ്ടായില്ല. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ വഴി പ്രവേശനം വിലക്കിയിരുന്നെങ്കിലും അതും നടപ്പായില്ല. എസ്ബിഐയിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺ സൈഡ് പാർക്കിങ് ആക്കുമെന്ന് തീരുമാനിച്ചതും വെറുതെയായി.
പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതി കൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്കിങ്ങുകൾ പാർണമായും ഒഴിവാക്കുമെന്നാണ് തീരുമാനമെങ്കിലും ഇന്നലെ ഇവിടെ പഴയ സ്ഥിതി തന്നെയായിരുന്നു. ജെസിബികളും ബസുകളും നിരനിരയായി നിർത്തിയിട്ട നിലയിലായിരുന്നു. പാർക്കിങ് ദുഷ്ക്കരമാക്കും വിധം മെറ്റലും ജെല്ലിയും കൂട്ടിയിട്ട നിലയിലും.
ജവാഹർ സ്റ്റേഡിയത്തിന് സമീപം കണ്ണൂർ കോർപറേഷൻ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രത്തിൽ 31 വരെ സൗജന്യ പാർക്കിങ് ആണെങ്കിലും 6 കാറുകൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്വകാര്യ കാറുകളെല്ലാം റോഡിൽ നിർത്തിയിട്ട നിലയിൽ. ബാങ്ക് റോഡിലാകട്ടെ മൾട്ടി പാർക്കിങ് കേന്ദ്രം പണി നിലച്ച് അനാഥമായ നിലയിലും.
