തകൃതിയായി ഓണം: അഞ്ചു പേർക്ക് 2,700 രൂപ, സദ്യനിരക്കിൽ 30 % വർധന
കൊച്ചി:കിച്ചടി, പച്ചടി, സാമ്പാർ, അവിയൽ, തോരൻ, രണ്ടുകൂട്ടം പായസം തുടങ്ങി 21 വിഭവങ്ങൾ കൂട്ടി സദ്യ ഉണ്ണാൻ ശരാശരി അഞ്ചുപേർക്ക് വേണം 2,700 രൂപ. ഒരു വർഷത്തിനിടെ 30 ശതമാനത്തോളമാണ് സദ്യയുടെ നിരക്കിൽ ഉണ്ടായ വർധന.
പാചകവാതക വിലയും പച്ചക്കറി വിലയും കത്തിനിൽക്കുന്ന ഈ ഓണക്കാലത്ത് നല്ലൊരു ഓണസദ്യ ഉണ്ണാൻ വലിയ വിലതന്നെ നൽകണം. വൻകിട ഹോട്ടലുകളിലാണെങ്കിൽ ഒരാൾക്ക് 1,500 രൂപ മുതൽ വിലയുണ്ട്.
ഈ ഓണം സീസണിൽ 400 കോടി രൂപയുടെ സദ്യ കേരളത്തിൽ വിളമ്പുമെന്നാണ് കണക്ക്. മുന്തിയ ഹോട്ടലുകളിലെ കണക്കുകൂടി എടുത്താൽ ഇത് 450 കോടി രൂപ കടക്കും. ഓഗസ്റ്റ് മാസം തുടക്കം മുതൽ തന്നെ ഓണസദ്യ ബുക്കിങ്ങുകൾ ആരംഭിച്ചിരുന്നു. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് 25-30 ശതമാനം കാറ്ററിങ് സംഘങ്ങൾ ബുക്കിങ് എണ്ണം കുറച്ചു. വിലക്കയറ്റമാണ് പ്രധാന കാരണമായി മേഖല പറയുന്നത്. ഹോട്ടലുകളിലും ഇതേ അവസ്ഥ തന്നെ.
തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലാണ് സദ്യ ഓർഡറുകൾ കൂടുതൽ. കോർപ്പറേറ്റ് ഓർഡറുകളിൽ എറണാകുളം ജില്ലയാണ് മുന്നിൽ. എന്നാൽ ഇത്തവണ മലബാർ ഭാഗങ്ങളിൽ നിന്നടക്കം ഓണസദ്യ ബുക്കിങ് കൂടിയിട്ടുണ്ടെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സാക്ഷ്യപ്പെടുത്തുന്നു.
അത്തം മുതൽ ഓർഡർ എടുത്തിരുന്ന പലരും ഉത്രാടം, തിരുവോണം ദിവസങ്ങളിൽ മാത്രം ഓർഡർ എടുക്കുന്ന സ്ഥിതിയായി. ജോലിക്കാരെ കിട്ടാത്തതും പാക്കിങ് രംഗത്തെ പ്രതിസന്ധിയും മേഖലയ്ക്ക് തിരിച്ചടിയാണ്. അഞ്ചുപേർക്കുള്ള സദ്യ പരിസ്ഥിതിസൗഹൃദ കണ്ടെയ്നറുകളിൽ പാക്ക് ചെയ്തു നൽകാൻ ഏതാണ്ട് 270 രൂപയാണ് ചെലവ്. അതായത്, പായ്ക്കിങ്ങിന് മാത്രമുള്ള ചെലവ്.
ഒരു നോൺ-വെജ് കൂടി
പരമ്പരാഗത സദ്യയ്ക്കൊപ്പം ഒരു നോൺ-വെജ് വിഭവം കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുതുതലമുറക്കാരാണ് ഈ ആവശ്യത്തിന് മുന്നിലുള്ളത്. നോൺ-വെജ് വിഭവം കൂടി ഉൾപ്പെടുത്തുമ്പോൾ ഒരാൾക്ക് 100 രൂപ അധികമായി നൽകേണ്ടിവരും. വിഭവങ്ങൾ കൂടുന്നതിനനുസരിച്ച് വിലയും ഉയരും.
പായസം മതി
സദ്യ വേണ്ടെന്നുവെച്ച് പായസം മാത്രം വാങ്ങുന്ന രീതിയും വിപണിയിലുണ്ട്. പ്രധാനികളായ പാലടയ്ക്കും പരിപ്പുപായസത്തിനുമാണ് ആവശ്യക്കാർ കൂടുതൽ. പാലടപ്പായസത്തിന് ലിറ്ററിന് ശരാശരി 250 രൂപ മുതലാണ് വില. അത്തം മുതൽ തന്നെ വിപണിയിൽ പായസവിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഉത്രാടം, തിരുവോണം നാളുകളിലാണ് കൂടുതൽ വിൽപ്പന.
തൂശനിലയ്ക്ക് ഡിമാൻഡ്
തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് വാഴയില എത്തുന്നത്. തൂശനിലയ്ക്കാണ് ആവശ്യക്കാർ. ഓണത്തോടൊപ്പം കല്യാണസീസൺ കൂടി എത്തിയതോടെ ഇല ഒന്നിന് 5-7 രൂപ വരെയാണ് നിരക്ക്. ഉത്രാടം, തിരുവോണം നാളുകളിൽ വില വീണ്ടും ഉയരും. തമിഴ്നാട്ടിൽ ഉത്പാദനം കുറഞ്ഞത് വിപണിയെ ബാധിച്ചതായി വ്യാപാരികൾ അറിയിച്ചു.
